ഇലന്തൂരിലെ നരബലി; അന്ധവിശ്വാസങ്ങളുടെ തീവ്രത തുറന്ന് കാട്ടുന്നത്; നിയമനിർമ്മാണം ആലോചനയിലെന്ന് സിപിഎം
രാജ്യത്ത് കഴിഞ്ഞവർഷം മാത്രം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട 73 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്
പത്തനംതിട്ട ഇലന്തൂരിലെ രണ്ട് സ്ത്രീകളുടെ മരണത്തിനിടയാക്കിയ നരബലി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രത തുറന്നുകാട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേസിൽ കൃത്യമായ അന്വേഷണം നടത്തി സമൂഹത്തെ ബാധിച്ച രോഗാവസ്ഥയെ തുറന്നു കാട്ടിയ കേരള പോലീസിനെ അഭിനന്ദിക്കുന്നു. ഇതിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനൊപ്പം പുതിയ നിയന്ത്രണ നിർമ്മാണവും സിപിഎം ആലോചിക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തെ സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുന്നു. രാജ്യത്ത് കഴിഞ്ഞവർഷം മാത്രം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട 73 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ ഇടപെടലുകൾ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കേരളീയ സമൂഹത്തിൽനിന്ന് തുടച്ചുനീക്കാൻ വലിയ പോരാട്ടം നടത്തി. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തിൽ നിർണായക പങ്കു വഹിച്ചു. കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ ഇതിനെ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയെന്നും സിപിഎം പറയുന്നു.
ഫ്യൂഡൽ മൂല്യങ്ങൾ നിലനിൽക്കുന്ന സമൂഹമെന്ന നിലയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒളിത്താവളങ്ങൾ ഉണ്ടാകും. മുതലാളിത്ത മൂല്യങ്ങൾ പണം എല്ലാത്തിനെക്കാളും മുകളിലാണെന്ന് കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. ആഗോളവൽക്കരണ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക മൂല്യങ്ങൾ എന്ത് ചെയ്തു പെട്ടെന്ന് സമ്പത്ത് കൊന്നു കൂട്ടാനുള്ള പ്രവണതകളെ ശക്തിപ്പെടുത്തുകയാണ്. ഇതിനായി നവമാധ്യമങ്ങളെ പോലും ഉപയോഗിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കുന്നു.
ശാസ്ത്രീയ അറിവുകളെ ജീവിത വീക്ഷണമായി രൂപപ്പെടുത്തുന്ന ഇടപെടലുകൾ ഉണ്ടാകണം. നരബലി പോലുള്ള ഇത്തരം ക്രൂരമായ സംഭവങ്ങൾ ഒഴിവാക്കി കേരളത്തിന്റെ സാംസ്കാരിക ഔന്നത്യം കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല, ശാസ്ത്രീയമായ ചിന്തകളെ ഉത്പാദന രംഗത്ത് പ്രയോഗിച്ചത് കൊണ്ടാണെന്നും സിപിഎം പറയുന്നു.
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കും. ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിനും സിപിഎം തയ്യാറാകും. നരബലി പോലുള്ള സംഭവങ്ങളെ നിയമം കൊണ്ട് പ്രതിരോധിക്കാൻ കഴിയില്ല. ഇതിനായി ബഹുജന മുന്നേറ്റവും ബോധവൽക്കരണവും ഉയർന്നുവരണമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...