ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചവരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മേയർക്കെതിരെ സിപിഎം നേതൃത്വം
CPM leaders: മേയറുടെ നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടിയുടെ നയമല്ലെന്നാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം: ഓണാഘോഷത്തിന് സമ്മതിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടിയിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം നേതൃത്വം. തിരുവനന്തപുരം കോര്‍പറേഷനിലെ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ക്കെതിരെയാണ് മേയർ നടപടി സ്വീകരിച്ചത്. സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. മേയറുടെ നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടിയുടെ നയമല്ലെന്നാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട മേയറുടെ നടപടിയിൽ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരം കോര്‍പറേഷന്‍ നടപടി പിന്‍വലിച്ചേക്കും. സ്വന്തം കാശ് കൊടുത്തു വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ കൂടുതൽ നേരം ജോലി ചെയ്യിപ്പിച്ചെന്ന് ആരോപിച്ചാണ് തൊഴിലാളികൾ സദ്യ മാലിന്യകൂമ്പാരത്തിലെറിഞ്ഞ് പ്രതിഷേധിച്ചത്. തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം നിര്‍ദേശം നല്‍കിയതായാണ് വിവരം. അതേസമയം, മേയറുടെ നടപടിയെ അനുകൂലിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തെത്തിയിരുന്നു. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. തൊഴിലാളികൾക്ക് മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
ALSO READ: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം; 7 പേർക്ക് സസ്പെൻഷൻ, നാല് പേരെ പിരിച്ചുവിട്ടു
ശനിയാഴ്ച ഷിഫ്റ്റ് കഴിഞ്ഞ് ഓണസദ്യ കഴിക്കാന്‍ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതാണു തര്‍ക്കത്തിനിടയാക്കിത്. ഇതിന്റെ പ്രതിഷേധമായി ഓണസദ്യ കഴിക്കാതെ അവര്‍ അത് മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത് ചര്‍ച്ചയായി. ഇതോടെ മേയര്‍ ഇടപെട്ട് ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. തൊഴിലാളികളില്‍ അധികവും സിഐടിയുക്കാരായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. മേയറെ പിന്തുണയ്ക്കാന്‍ സിപിഎം നേതൃത്വം തയാറാകാതിരുന്നതും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഒപ്പം നിന്നതും നടപടി പിന്‍വലിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...