സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറും; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം
സിൽവർ ലൈൻ - അതിവേഗ റെയിൽ പദ്ധതികളിൽ പാർട്ടി സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത നിലപാടും ദേശീയ മതേതര സഖ്യവും കോൺഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടും പാർട്ടി കോൺഗ്രസിൽ ചർച്ചയാകും.
കണ്ണൂർ: ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് നാളെ തുടക്കമാവുമ്പോൾ കേരള ഘടകത്തിൻ്റെ അപ്രമാദിത്വത്തിനാവും പാർട്ടി കോൺഗ്രസ് വേദിയാവുക. സിപിഎമ്മിൻ്റെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയാകുന്നതിനൊപ്പം സിൽവർ ലൈൻ - അതിവേഗ റെയിൽ പദ്ധതികളിൽ പാർട്ടി സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത നിലപാടും ദേശീയ മതേതര സഖ്യവും കോൺഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടും പാർട്ടി കോൺഗ്രസിൽ ചർച്ചയാകും.
സിപിഎമ്മിന് കേരളത്തിൽ തുടർ ഭരണം ലഭിക്കുകയും ബംഗാൾ, ത്രിപുര ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി നാമാവശേഷവുമായ സാഹചര്യത്തിലാണ് കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎമ്മിൻ്റെ നയപരിപാടികൾക്കൊപ്പം മറ്റു രാഷ്ട്രീയ കാര്യങ്ങളും ചർച്ചയാകും.
പിബി അടക്കമുള്ള സമിതികളിലെ പട്ടികജാതി പട്ടികവർഗ പ്രതിനിധികളുടെ അസാന്നിധ്യവും ചർച്ചയാകും. ദേശീയ മതേതര സഖ്യത്തെ നയിക്കാൻ കോൺഗ്രസിനെ കഴിയൂ എന്ന സിപിഐയിലെയും, സിപിഎമ്മിലെ കേരള ഘടകം ഒഴികെയുള്ള ഘടകങ്ങളുടെയും അഭിപ്രായവും ചർച്ചാ വിഷയങ്ങളാകും.
അതിവേഗ - അർധ വേഗ റെയിൽ പദ്ധതികളിൽ പാർട്ടി ദേശീയ നയത്തിന് എതിരാണ് കേരളത്തിലെ നയം. ഈ സാഹചര്യത്തിൽ ബംഗാളിലെ സിംഗൂർ, മഹാരാഷ്ട്രയിലെ അതിവേഗ റയിൽ പദ്ധതികൾ ചൂണ്ടികാട്ടി കേരളത്തിലെ സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്. സിൽവർ ലൈൻ പദ്ധതി പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും പിന്നീട് ചർച്ച ചെയ്യുമെന്നുമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച് കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ ഘടകങ്ങൾ തമ്മിൽ വാക്പോരിന് സാധ്യതയുണ്ട്.
ദേശിയ തലത്തിലെ വിശാല മതേതര കൂട്ടാമയിൽ കോൺഗ്രസ് ഉണ്ടാകണമെന്നാണ് പാർട്ടിയുടെ മഹാഭൂരിപക്ഷത്തിൻ്റെയും നിലപാട്. കേരള ഘടകം മാത്രമണ് ഇതിനെ എതിർക്കുന്നത്. വ്യക്തിപരമായി സീതാറാം യെച്ചൂരിക്ക് കോൺഗ്രസുമായി യോജിക്കണമെന്ന നിലപാടാണ്. ഇതിന് പാർട്ടി കോൺഗ്രസിൻ്റെ അനുമതി വാങ്ങാൻ യെച്ചൂരി ശ്രമിക്കും. എന്നാൽ കേരള ഘടകം ഇതിനെ ശക്തിയുക്തം എതിർക്കാനും സാധ്യത ഉണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരാനാണ് സാധ്യത. പാർട്ടി കമ്മിറ്റികളിലെ പ്രായപരിധി 75 എന്ന മാനദണ്ഡം കൊണ്ടുവരുന്നതിനാൽ 75 പിന്നിട്ട മിക്കവാറും എല്ലാവരും ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ നിന്നും പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിവാകും.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിച്ചേക്കും. പിബിയിൽ നിന്ന് എസ്.രാമചന്ദ്രൻ പിള്ള, കേന്ദ്ര കമ്മിറ്റിയിൽ നിന്നു വൈക്കം വിശ്വൻ, പി.കരുണാകരൻ എന്നിവരാകും കേരളത്തിൽ നിന്ന് ഒഴിയുന്നത്. എസ്ആർപി കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ് എന്നത് കണക്കാക്കുമ്പോൾ കേരളത്തിൽ നിന്ന് പുതുതായി മൂന്ന് പേർക്ക് ഉറപ്പായും ആ ഘടകത്തിലേക്ക് അവസരമുണ്ടാകും.
അതേസമയം, ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ കൊടിയേറും. സീതാറാം യെച്ചൂരി അടക്കമുള്ള മുതിർന്ന നേതാക്കൾ കണ്ണൂരിലെത്തി. പാർട്ടി കോൺഗ്രസ് കഴിയും വരെ കേന്ദ്ര കമ്മിറ്റി ഓഫീസായി കണ്ണൂരിലെ നായനാർ അക്കാദമി പ്രവർത്തിക്കും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും ഇന്ന് സമ്മേളനവേദിയിൽ എത്തും. പൊതുസമ്മേളനവേദിയായ ജവഹർ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. നാളെ രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും.
ആകെ 906 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. പാർട്ടി കോൺഗ്രസിന് 24 സംസ്ഥാനങ്ങളിൽ നിന്നായി 811 പ്രതിനിധികളാണ് ഉണ്ടാവുക. ഇവരിൽ 77 പേർ നിരീക്ഷകരാണ്. ഇത് കൂടാതെ 95 കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മൊത്തം 906 പേർ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ ഉള്ളത്. മൂന്നു നിരീക്ഷകർ ഉൾപ്പെടെ 178 പേർ. ബംഗാളിൽ നിന്നും മൂന്ന് നിരീക്ഷകർ ഉൾപ്പെടെ 163 പേരും തമിഴ്നാട്ടിൽ നിന്ന് 53 പേരും ത്രിപുരയിൽ നിന്ന് 40 പേരും സമ്മേളനത്തിൽ പങ്കെടുക്കും.
പാർട്ടി അംഗങ്ങളുടെ എണ്ണത്തിനൊപ്പം വർഗ ബഹുജന സംഘടനകളുടെ സ്വാധീനം, ബഹുജന അടിത്തറ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രാതിനിധ്യം നിശ്ചയിക്കുന്നത്. മുൻ പാർട്ടി കോൺഗ്രസ്സുകളിൽ ബംഗാളിനും കേരളത്തിലും തുല്യപ്രാധാന്യം ആയിരുന്നു ഉണ്ടായിരുന്നത്. ഏപ്രിൽ ആറ് മുതൽ പത്ത് വരെയാണ് പാർട്ടി കോൺഗ്രസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA