തിരുവനന്തപുരം: ഒരാൾക്ക് ഒരു പദവി എന്ന സിപിഎം പാർട്ടി തീരുമാനം ജില്ലയിൽ നടപ്പാക്കാനാകാതെ സിപിഎം. നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആനാവൂർ ഇപ്പോഴും ഒരേസമയം രണ്ടുപദവിയിൽ തുടരുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന അംഗങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റംഗമായാൽ ജില്ലാ സെക്രട്ടറിയായി തുടരാറില്ല എന്നതാണ് സിപിഎം കീഴ്വഴക്കം. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ച് നാല് മാസം പിന്നിട്ടിട്ടും തിരുവനന്തപുരം ജില്ലയിൽ പുതിയ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കാൻ നേതൃത്വത്തിനാകുന്നില്ല. പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മിലുള്ള ചേരി തിരിവാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് വിലങ്ങുതടിയായിട്ടുള്ളത്. പാർട്ടി അണികൾക്കിടയിൽ ഇക്കാര്യം ഗൗരവമായ  ചർച്ചയ്ക്കിടയാക്കിയിട്ടുമുണ്ട്. 


ALSO READ : അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോ​ഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, മുൻ മേയറും മുതിർന്ന നേതാവുമായ ജയൻ ബാബു എന്നിവർക്കാണ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതൽ പരിഗണന. എന്നാൽ ഇരുവർക്കും പിന്നിലായി ജില്ലയിലെ പ്രധാന  സംസ്ഥാന നേതാക്കൾ ചേരി തിരിഞ്ഞ് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ  തീരുമാനമെടുക്കാൻ ജില്ലാ കമ്മറ്റിക്കും നിർദ്ദേശം നൽകാൻ സംസ്ഥാന നേതൃത്വത്തിനും സാധിക്കുന്നില്ല. 



ആനാവൂർ നാഗപ്പനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കെ എ സുനിൽകുമാർ. സിഐടിയു നേതാവിനെ സെക്രട്ടറിയാക്കണമെന്നാണ് ആനാവൂർ പക്ഷക്കാരുടെ കടുംപിടുത്തം. എന്നാൽ ജില്ലയിലെ തലമുതിർന്ന നേതാവായ ജയൻ ബാബുവിന്റെ പരിചയ സമ്പന്നത പാർട്ടിക്ക് കരുത്തേകുമെന്നാണ് സുനിൽകുമാറിനെ എതിർക്കുന്ന പക്ഷത്തിന്റെ അവകാശവാദം. 


ALSO READ : 'ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല'! എഫ്ബിയിൽ കെടി ജലീൽ- അബ്ദുറബ്ബ് പോര്... സംഗതി എന്താണ്?



അതിനിടയിൽ ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ ട്രേഡ് യൂണിയൻ ചെയർമാനുമായ എസ് അജയകുമാറിനെ സെക്രട്ടറിയാക്കാനും ഒരു വിഭാഗം അണിയറയിൽ കരുക്കൾ നീക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ 'സ്റ്റാറ്റസ്കോ' തുടരട്ടെയെന്നതാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.