ബെംഗളൂരു:കേന്ദ്ര സർക്കാരിന്‍റെ  ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിപി എം സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.
സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുഭാവികള്‍ ഉയര്‍ത്തിക്കാട്ടിയ വിഷയം കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭാ കരന്തലജെയാണ് 
തന്‍റെ ഫേസ് ബുക്ക്,ട്വിറ്റര്‍ അക്കൌണ്ടുകളില്‍ ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ്‌ ചെയ്തത്,


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:സിങ്കം അണ്ണാമലൈ ബിജെപിയിൽ ചേർന്നു
സിപിഎം ആഹ്വാനം ചെയ്ത കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ 2019-20 ലെ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 
ലഭിച്ച വീടിന് മുന്നിലുരുന്നാണ് സിപിഎം പതാകയും പിടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്,ഇക്കാര്യം ഫോട്ടോ സഹിതമാണ് 
ശോഭാ കരന്തലജെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്,സിപിഎം സമരം അങ്ങനെ ദേശീയ തലത്തിലും ശ്രദ്ധിക്കപെട്ടു എന്ന് ഉറപ്പായി.



നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരത്തില്‍ കുടുംബ സമേതം പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു.



അതേസമയം സമരത്തില്‍ പങ്കെടുത്തവരുടെ എണ്ണവും ജനപങ്കാളിത്തവും ചൂണ്ടികാട്ടി കോടിയേരി ബാലകൃഷ്ണന്‍ നുണപ്രചാരകന്‍മാര്‍ ഇനിയുമത് തുടര്‍ന്നുകൊണ്ടിരിക്കും
എന്ന് പറഞ്ഞുകൊണ്ട് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേകമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,
''ആഗസ്ത് 23ന് സിപിഐഎം ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹത്തില്‍ 33,20,003 പേരാണ് പങ്കെടുത്തത്. 9,70,629 സമരകേന്ദ്രങ്ങളിലായിരുന്നു ഈ മഹാപ്രതിഷേധം. പ്രക്ഷോഭകരുടെ പങ്കാളിത്തവും കേന്ദ്രവും സംബന്ധിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകള്‍ പാര്‍ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
പ്രതിഷേധ സത്യാഗ്രഹത്തില്‍ 25 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച, അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ഈ പ്രതിഷേധ പരിപാടിയില്‍ പ്രകടമായി കണ്ടത്. 
നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച കൊല്ലം അഞ്ചല്‍ സ്വദേശിനി അസീമ ബീവിയെ പോലുള്ളവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ പങ്കാളിയായ സമരമായിരുന്നു ഇത്. സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും കൃഷിക്കാരുമടക്കം സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരാണ് അരമണിക്കൂര്‍ നേരം വീടുകളില്‍ സത്യാഗ്രഹമനുഷ്ടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. 
ഇതൊരു പുതുമയുള്ള രാഷ്ട്രീയ ഇടപെടലാണ്. കോവിഡ് കാലത്ത് പൊതുഇടങ്ങളിലെ പരിപാടികള്‍ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ സ്വയം രൂപപ്പെടുത്തിയെടുത്ത ഒരു സമരരൂപമാണ് ഇത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളോട് ജനങ്ങള്‍ക്കുള്ള ഒടുങ്ങാത്ത അമര്‍ഷമാണ് പ്രകടിപ്പിക്കപ്പെട്ടത്. ഓരോ വീടുകളിലും മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആളുകള്‍ സമരത്തില്‍ പങ്കാളികളായത്. ഇത് വ്യക്തമാക്കുന്നത് എന്തിനാണ് സമരം എന്ന് മനസിലാക്കിയാണ് ജനലക്ഷങ്ങള്‍ ഈ പരിപാടിയില്‍ പങ്കാളികളായത് എന്നാണ്. കൊടിയും പ്ലക്കാര്‍ഡുകളും മാത്രം തയ്യാറാക്കാനുള്ള ചെലവ് മാത്രമുള്ള ഒരു പ്രക്ഷോഭപരിപാടിയായിരുന്നു ഇത്. 
ചില ജില്ലകളില്‍ പ്രക്ഷോഭ സത്യാഗ്രഹത്തിലുണ്ടായ ജനപങ്കാളിത്തം നേരത്തെ അവിടെ സംഘടിപ്പിച്ച വിവിധ സമരങ്ങളിലുണ്ടായിരുന്ന പങ്കാളിത്തത്തേക്കാള്‍ വലുതായിരുന്നു. പാര്‍ടിയുടെ സംഘടനാപരമായ കഴിവും സിപിഐ എമ്മിനോട് ജനങ്ങള്‍ക്കുള്ള താല്‍പ്പര്യവുമാണ് ഇത്രയധികം പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമാവുന്നത്. പാര്‍ടിക്കെതിരെ വന്‍തോതിലുള്ള പ്രചരണങ്ങള്‍ സംഘടിപ്പിച്ച് പാര്‍ടി അണികള്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ ശത്രുവര്‍ഗം പരിശ്രമിക്കുന്ന സന്ദര്‍ഭത്തിലാണ്, ജനങ്ങള്‍ ഈ പരിപാടിയില്‍ സ്വയം പങ്കാളികളായത്. കള്ളപ്രചരണങ്ങള്‍ കൊണ്ട് പാര്‍ടിയെ തകര്‍ക്കാന്‍ കഴിയില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ട ഒരു പ്രതിഷേധ പരിപാടിയായിരുന്നു ഇത്.  
നുണപ്രചാരകന്‍മാര്‍ ഇനിയുമത് തുടര്‍ന്നുകൊണ്ടിരിക്കും. ലക്ഷ്യബോധത്തോടുകൂടി നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ സജീവമായി അണിനിരക്കുകയാണ് വേണ്ടത്. തുടര്‍ന്ന് നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും മറ്റ് രാഷ്ട്രീയ പോരാട്ടങ്ങളിലും ജനങ്ങളുടെ വിശ്വാസമാണ് പാര്‍ടിക്ക് മുന്നോട്ടുപോകാന്‍ ആത്മവിശ്വാസം നല്‍കുന്നത്. 
സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകമായ അഭിവാദ്യങ്ങള്‍''.