മന്ത്രി എം വി ഗോവിന്ദൻ രാജിവെച്ചു; എം ബി രാജേഷ് മന്ത്രിയാകും; സ്പീക്കർ സ്ഥാനത്തേക്ക് ഷംസീറെത്തും
Kerala Pinarayi Vijayan Cabinet : നിയമസഭ സമ്മേളനം അവസാനിച്ചതിന് ശേഷമാകും എം വി ഗോവിന്ദൻ രാജിവെക്കെകയെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഗോവിന്ദന് പകരം പുതിയ മന്ത്രിയെയും സ്പീക്കറെയും തീരുമാനിച്ചത്.
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ മന്ത്രിയുമായ എംവി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. ആരോഗ്യ സംബന്ധമായ പ്രശ്നത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാന രാജിവച്ചതിന് തുടർന്ന് പാർട്ടി ചുമതല എം വി ഗോവിന്ദന് ഏൽപ്പിക്കുകയായിരുന്നു. പകരം മന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ എം ബി രാജേഷിനെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
എംബി രാജേഷ് സംസ്ഥാന നിയമസഭയുടെ സ്പീക്കർ സ്ഥാനം ഒഴിയുന്നതോടെ എ എൻ ഷംസീറിനെ സ്പീക്കറായി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം ആര് മന്ത്രിയാകുമെന്നതിനെ കുറിച്ച് തീരുമാനമായില്ല.
തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. രണ്ട് തവണ ലോക്സഭ അംഗമായിരുന്ന രാജേഷ് 2019 തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. തുടർന്ന് കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട വി.ടി ബലറാമിനെ തോൽപ്പിച്ചാണ് നിയമസഭിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തി എം ബി രാജേഷ് കോടിയേരിയെ സന്ദർശിച്ചിരുന്നു.
തലശ്ശേരിയിൽ നിയമസഭ അംഗമാണ് എ എൻ ഷംസീർ. കഴിഞ്ഞ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയാണ് ഷംസീർ തലശ്ശേരിയിൽ നിന്നും എംഎൽഎയാകുന്നത്. രണ്ടാം തവണയെത്തിയെങ്കിലും ഷംസീറിന് മന്ത്രിസ്ഥാനം ലഭ്യമായിരുന്നില്ലയെന്നത് പാർട്ടിക്കുള്ളിൽ സംസാര വിഷയമായിരുന്നു. നിയമസഭ സമ്മേളനം അവസാനിച്ചതിന് ശേഷമാകും എം വി ഗോവിന്ദൻ രാജിവെക്കെകയെന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഗോവിന്ദന് പകരം പുതിയ മന്ത്രിയെയും സ്പീക്കറെയും തീരുമാനിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാതെ വന്നതോടെയാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്നും മാറിയത്. തുടർന്ന് സംസ്ഥാന സമിതി യോഗമാണ് പുതിയ സെക്രട്ടറിയുടെ പേരായി എം വി ഗോവിന്ദന്റെ നിർദ്ദേശിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.