നിയമം ലംഘിച്ച് കണ്ണൂരിൽ സിപിഎമ്മിന്റെ ഓഡിറ്റോറിയം നിർമാണം, തടഞ്ഞ് കൻ്റോൺമെൻ്റ് ബോർഡ്
ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം തടഞ്ഞ് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് ഉത്തരവിറക്കി. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആണ് ഉത്തരവിറക്കിയത്.
കണ്ണൂർ: കണ്ണുരിൽ അടുത്ത മാസം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി അനധികൃത നിർമ്മാണ പ്രവൃത്തി നടക്കുന്നു. പാർട്ടി കോൺഗ്രസിൻ്റെ പ്രധാന വേദിയായ നായനാർ അക്കാദമിയിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നത്. താൽക്കാലിക പന്തൽ നിർമ്മിക്കുന്നതിന് വാങ്ങിയ അനുമതി ഉപയോഗിച്ചാണ് ഇവിടെ ഒരു കെട്ടിടം തന്നെ നിർമ്മിക്കുന്നത്.
ഇതിനിടെ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം തടഞ്ഞ് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് ഉത്തരവിറക്കി. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയുടെ മേൽനോട്ടത്തിലാണ് നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം.
സിപിഎം പാർട്ടി കോൺഗ്രസിൻ്റെ പ്രധാന വേദിയാണ് കണ്ണൂർ ബർണ്ണശ്ശേരിയിലെ നായനാർ അക്കാദമി. നായനാർ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശ സംരക്ഷണ നിയമപ്രകാരം സി.ആർ.സെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ കെട്ടിട നിർമ്മാണം നടത്താൻ നിയമപരമായി കഴിയില്ല. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം അലൂമിനിയം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. രാത്രിയും പകലുമായി മുഴുവൻ സമയവും ഇവിടെ നിർമ്മാണം പുരോഗമിക്കുകയാണ്.
34000 സ്ക്വയർ ഫീറ്റ് അളവുള്ള ഹാളാണ് നിർമ്മിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അനുമതി നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിരാക്ഷേപ പത്രവും വേണം. രണ്ടിൽ കൂടുതൽ നിലയുണ്ടെങ്കിൽ അഗ്നി രക്ഷാ സേനയുടെ അനുമതിയും വേണം. പന്തൽ നിർമിക്കുന്നതിനായി നേടിയ അനുമതി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഇതേ തുടർന്നാണ് കെട്ടിട നിർമ്മാണം തടഞ്ഞ് കൊണ്ട് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...