CPM: പിണറായി ഭരണത്തിൽ കൊല്ലപ്പെട്ടത് 22 സിപിഎമ്മുകാർ, 16 പേരെ കൊന്നത് ആർഎസ്എസ്സെന്ന് സിപിഎം
16 സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണ്.
2016 മെയ് 25 മുതൽ, പിണറായി സർക്കാർ അധികാരമേറ്റ അന്ന് മുതൽ, ഇന്ന് വരെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകർ 16 പേരാണ്. എന്നാൽ, 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ കാലയളവ് വരെ കേരളത്തിൽ കൊല്ലപ്പെട്ടത് 22 പ്രവർത്തകരാണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഇതിൽ 16 സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണ്. കോൺഗ്രസ് നാല് സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയപ്പോൾ മുസ്ലീം ലീഗ് ഒരു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി. എസ്ഡിപിഐയും സംസ്ഥാനത്ത് ഈ കാലയളവിൽ ഒരു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയെന്ന് സിപിഎം വ്യക്തമാക്കുന്നു.
2016 മെയ് 25ന് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ ആദ്യത്തെ കൊലപാതകം നടന്നു. 2016 മെയ് 27ന് തൃശൂർ ഏങ്ങണ്ടിയൂരിൽ ശശികുമാറിനെ ആണ് ആർഎസ്എസുകാർ കൊന്നത്. രണ്ട് മാസങ്ങൾക്ക് ശേഷം ജൂലൈ 11ന് കണ്ണൂർ പയ്യന്നൂരിൽ സിവി ധനരാജ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 13ന് തിരുവനന്തപുരം കരമനയിൽ ടി സുരേഷ് കുമാർ കൊല്ലപ്പെട്ടു. ഒക്ടോബർ പത്തിന് കണ്ണൂരിൽ മോഹനൻ കൊല്ലപ്പെട്ടു. ഈ കൊലപാതകങ്ങളെല്ലാം നടത്തിയത് ആർഎസ്എസ് ആയിരുന്നു. ഈ കേസുകളിൽ എല്ലാം തന്നെ നേരിട്ടോ അല്ലാതെയോ ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ പങ്ക് പുറത്ത് വന്നു. ആർഎസ്എസ്-ബിജെപി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു.
2017ലും ആർഎസ്എസ് കൊലപാതക പരമ്പര തുടർന്നു. ജനുവരി 19ന് മലപ്പുറം ചെറുകാവിൽ പി.മുരളീധരൻ കൊല്ലപ്പെട്ടു. ആലപ്പുഴ കരുവാറ്റയിൽ ജി.ജിഷ്ണു ഫെബ്രുവരി പത്തിനും ആലപ്പുഴ വലിയമരത്ത് മുഹമ്മദ് മുഹസിൻ മാർച്ച് നാലിനും കൊല്ലപ്പെട്ടു. 2018 മെയ് ഏഴിന് കണ്ണൂരിൽ കണ്ണിപ്പൊയ്യിൽ ബാബു കൊല്ലപ്പെട്ടു. ഈ കൊലപാതകങ്ങളെല്ലാം നടത്തിയത് ആർഎസ്എസ് ആയിരുന്നുവെന്ന് സിപിഎം വ്യക്തമാക്കുന്നു. ജൂലൈ ഒന്നിന് എറണാകുളം മഹാരാജാസ് കേളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ എസ് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നു. ഓഗസ്റ്റ് അഞ്ചിന് കാസർകോട് അബൂബക്കർ സിദ്ദിഖ് എന്ന സിപിഎം പ്രവർത്തകനെ ആർഎസ്എസുകാർ കൊലപ്പെടുത്തി.
2019 ഏപ്രിൽ അഞ്ചിന് ആലപ്പുഴ വയലാറിലെ അനന്തു എന്ന പതിനേഴുകാരനാണ് ആർഎസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായത്. 2020 ഓഗസ്റ്റ് 18ന് സിയാദ് എന്ന സിപിഎം പ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തി. 2020 ഓഗസ്റ്റ് 31ന് തിരുവോണ ദിനത്തിലാണ് മിഥിലാജ്, ഹഖ് മുഹമ്മദ് എന്നീ സിപിഎം പ്രവർത്തകരെ കോൺഗ്രസുകാർ തിരുവനന്തപുരത്ത് കൊലപ്പെടുത്തിയത്. 2020 ഒക്ടോബർ നാലിന് തൃശൂർ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ ആർഎസ്എസുകാർ കൊലപ്പെടുത്തി.
2020 ഡിസംബറിൽ മൂന്ന് സിപിഎം പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. ഡിസംബർ രണ്ടിന് പത്തനംതിട്ടയിൽ പെരിങ്ങര എൽസി സെക്രട്ടറി പി.ബി സന്ദീപിനെ ആർഎസ്എസുകാർ കൊലപ്പെടുത്തി. ആറിന് കൊല്ലം മൺറോ തുരുത്തിൽ ആർ.മണിലാൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടു. 23ന് കാസർകോട് അബ്ദു റഹിമാൻ എന്ന സിപിഎം പ്രവർത്തകനെ മുസ്ലിംലീഗുകാർ കൊന്നു. 2022 ജനുവരി പത്തിന് കണ്ണൂർ സ്വദേശിയായ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകനെ ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വച്ച് കോൺഗ്രസുകാർ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെ (2022 ഫെബ്രുവരി 21) കണ്ണൂരിൽ ഹരിദാസ് എന്ന സിപിഎം പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...