തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു. ഈ മാസം ശമ്പളം വിതരണം ചെയ്തിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ മാസം കെഎസ്ആര്‍ടിസിക്ക് 192 കോടി രൂപയായിരുന്നു വരുമാനമുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. 


പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടി വേണ്ടത്. കഴിഞ്ഞ മാസത്തെ വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട് അതുകൊണ്ടാണ് ഈ മാസത്തെ ശമ്പളവിതരണം വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.


താല്‍ക്കാലിക ഡ്രൈവര്‍മാരെ പരിച്ചുവിട്ടതുമൂലമുള്ള പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. 200 ഓളം സര്‍വ്വീസുകളാണ് ഇന്നലെ മുടങ്ങിയത്. താത്കാലിക ഡ്രൈവര്‍മാരെ വിളിച്ചിട്ടും പലരും ജോലിയ്ക്ക് എത്തിയില്ല. 


ദിവസക്കൂലിക്കാരെ എടുക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരം ഒഴിവുകളിലേക്കുള്ളതല്ലെന്ന നിലപാടാണ് മാനേജ്മെന്റിന്. ആവശ്യങ്ങള്‍ക്കനുസരിച്ചു മാത്രമാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിക്കുന്നത്.


യാത്രക്കാരുടെ തിരക്കില്ലാത്ത ദിവസങ്ങളില്‍ ഇവരെ പൂര്‍ണമായും ഒഴിവാക്കാനും സ്ഥിരജീവനക്കാരെ ഉപയോഗിച്ച് ബസോടിക്കാനുമാണ് നിര്‍ദേശം. അവധി കഴിഞ്ഞുള്ള ദിവസങ്ങളിലായിരിക്കും ഇനി തിരക്കുണ്ടാകുക. 


ഇതിനിടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ ഇന്ന് പ്രത്യക്ഷ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.