ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിന്; വിമർശനവുമായി പ്രതിപക്ഷ നേതാവ്
ഇപ്പോള്‍ അഴിമതിക്കെതിരെ തെറ്റു തിരുത്താന്‍ ഇറങ്ങിയിരിക്കുന്ന ഗോവിന്ദന്‍ അന്ന് തെറ്റു തിരുത്തല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
തിരുവനന്തപുരം: ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിനെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഇ.പി ജയരാജനെതിരായ പരാതി 2019-ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണ്. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചത്. ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാന്‍ മൂന്ന് തവണ പോയ വിജിലന്‍സ്, റിസോര്‍ട്ടിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണെന്ന് വി ടി സതീശൻ ചോദിച്ചു. തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളിപ്പിക്കലും സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടും അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതും എന്തുകൊണ്ടാണ്? പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ജയരാജനെതിരായ ആരോപണങ്ങളെ കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ അഴിമതിക്കെതിരെ തെറ്റു തിരുത്താന്‍ ഇറങ്ങിയിരിക്കുന്ന ഗോവിന്ദന്‍ അന്ന് തെറ്റു തിരുത്തല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത ശേഷം മദ്യപിക്കാന്‍ പോയ എസ്എഫ്ഐക്കാര്‍ക്കും ഡിവൈഎഫ്ഐക്കാര്‍ക്കുമെതിരെ നടപടിയെടുത്ത സിപിഎം ഭരണത്തിന്റെ മറവില്‍ അഴിഞ്ഞാടിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? തെറ്റ് തിരുത്തുമെന്ന് സ്ഥിരമായി പറയുന്നതല്ലാതെ നേതാക്കള്‍ ചെയ്യുന്ന ഗുരുതരമായ തെറ്റ് തിരുത്താന്‍ സി.പി.എം തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
റിസോര്‍ട്ട് മാഫിയ, അനധികൃത സ്വത്ത് സമ്പാദനം, കൊട്ടേഷന്‍, സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, മയക്ക് മരുന്ന് ലോബികള്‍, ഗുണ്ടകള്‍ എന്നിവരുമായുള്ള ബന്ധം സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം ഗുരുതര ആരോപണങ്ങളുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്, സി.പി.എമ്മിന് മാഫിയാ ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശെരിവയ്ക്കുന്നതാണ്. പാര്‍ട്ടിയിലെ ആഭ്യന്തരകാര്യമായി ഒതുക്കാതെ ജയരാജനെതിരായ അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...