കസ്റ്റഡി മരണം: ശ്രീജിത്തിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയ്ക്കുള്ള നിയമന ഉത്തരവ് ലഭിച്ചു 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചു. റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തി കൈമാറുകയായിരുന്നു. 


ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നും അഖിലയും ശ്രീജിത്തിന്‍റെ അമ്മ ശ്യമാളയും പ്രതികരിച്ചു.  സഹായധനം കൈമാറാനെങ്കിലും മുഖ്യമന്ത്രി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍, അദ്ദേഹമെത്താത്തതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു. ശ്രീജിത്തിന്‍റെ ജീവന് പകരമാവില്ല ഈ  സര്‍ക്കാര്‍ ജോലിയെന്നും കുടുംബം പറഞ്ഞു.


ശ്രീജിത്തിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ സഹായധനം നല്‍കാനും ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയില്‍ സര്‍ക്കാര്‍ജോലി നല്‍കാനും മന്ത്രിസഭ മുന്‍പേ തീരുമാനിച്ചിരുന്നു.