VT Balram - Sabarinathan Cyber Attack: ബല്‍റാമിനും ശബരിനാഥനും നേര്‍ക്ക് സദാചാര സൈബര്‍ ആക്രമണം; സഖാക്കളുടെ വകയല്ല! പിന്നെ?
Cyber attack against VT Balram and KS Sabarinathan: കോളേജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർത്ഥികളുടെ വ്യത്യസ്തമായ പ്രതിഷേധത്തെ പിന്തുണച്ചതോടെ ബൽറാമിന്റേയും ശബരിനാഥിന്റേയും അനുയായികളിലെ ഒരുവിഭാഗം അവർക്കെതിരെ തിരിയുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളും മുന്‍ എംഎല്‍എമാരും ആയ വിടി ബല്‍റാമിന്റേയും കെഎസ് ശബരിനാഥന്റേയും ഫേസ്ബുക്ക് പേജുകളില്‍ സൈബര്‍ ആക്രമണം. സിപിഎം നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎമ്മുകാരും എന്നതാണല്ലോ പതിവ് രീതി. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. രാഷ്ട്രീയത്തിന് അപ്പുറത്താണ് സൈബര്‍ അക്രമകാരികളുടെ റേഞ്ച് ചെന്നുനില്ക്കുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍, സദാചാര പോലീസിങ്ങിന് കൊടുത്ത മധുരതരമായ ഒരു മറുപടിയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതേ വിടി ബല്‍റാമിനും കെഎസ് ശബരിനാഥനും ഓര്മയുള്ളു. ശബരിനാഥന് ആണെങ്കില്‍ സിഇടിയിലെ (കോളേജ് ഓഫ് എന്‍ജിനീയറിങ്) പൂര്‍വ്വ വിദ്യാര്‍ത്ഥിയും ആണ്.
ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ബഞ്ചിലിരിക്കുന്നത് കണ്ട് സദാചാരക്കുരു പൊട്ടിയ ചിലര്‍ ചേര്‍ന്ന് വെട്ടിപ്പൊളിച്ച് ഓരോരുത്തര്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയില്‍ തകര്‍ത്തിരുന്നു. അങ്ങനെ, ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടത്തില്‍ ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ടായിരുന്നു സിഇടിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു. ഈ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു വിടി ബല്‍റാമിന്റേയും കെഎസ് ശബരിനാഥന്റേയും ഫേസ്ബുക്ക് പോസ്റ്റുകള്‍.
ഇക്കാലമത്രയും ബല്റാമിനേയും ശബരിനാഥനേയും പിന്തുണച്ചുപോന്നവരിലെ ഒരു വലിയ വിഭാഗം പോലും ഇതോടെ എതിര്‍പ്പും സൈബര്‍ ആക്രമണവും ആയി രംഗത്ത് വന്നു. ആദ്യം ശബരിനാഥന് ആയിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അവിടെ കമന്റ് ആക്രമണം അതി രൂക്ഷമായിരുന്നു. പിന്നീട് വിടി ബല്‍റാമും ഇതിനെ പിന്തുണച്ചോടെ എതിര്‍പ്പ് അതി രൂക്ഷമാവുകയായിരുന്നു. 'നിങ്ങളുടെ വീട്ടിലെ സഹാദരിയോ ഭാര്യയോ അമ്മയ ഇങ്ങനെ ഇരുന്നാല്‍ അതിനെ പിന്തുണയ്ക്കുമോ' എന്നതാണ് പലരുടേയും ചോദ്യം. സദാചാര വിഷയത്തില്‍ പുരോഗമനാത്മക നിലപാടുകള്‍ സ്വീകരിക്കുന്നവരോട് എന്നും ഇതേ ചോദ്യം തന്നെയാണ് എതിര്‍വിഭാഗം ചോദിച്ചുപോരുന്നത്.
'എസ്എഫ്ഐയുടെ നിലവാരത്തിലേക്ക് താഴരുത്' എന്നതാണ് രണ്ട് പേരുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കണ്ട സമാനമായ മറ്റൊരു കമന്റ്. ചുംബന സമരം മോഡല്‍ പ്രതിഷേധം എന്നാണ് മറ്റൊരു വിമര്‍ശനം. ഇത്തരം പ്രതിഷേധങ്ങളെ എന്തിനാണ് മഹത്വവത്കരിക്കുന്നത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ചുംബന സമരത്തെ ആശയപരമായി പിന്തുണച്ച വ്യക്തിയായിരുന്നു വിടി ബല്‍റാം.
ഈ വിഷയത്തില്‍ എന്തായാലും ഇടത് സൈബര്‍ പോരാളികള്‍ പങ്കാളികള്‍ അല്ല. മാറി നിന്ന് കളി കാണുന്നവരെ പോലെ തന്നെ, ബല്‍റാം- ശബരി ദ്വയം നേരിടുന്ന സൈബര്‍ ആക്രമണത്തെ തമാശയാക്കുന്നവരും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...