ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായതോടെ, ദര്‍ശന സമയം വര്‍ധിപ്പിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇക്കാരണത്താൽ  ദര്‍ശന സമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു. രാത്രി 11.30 വരെ ദര്‍ശനം അനുവദിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു.  തിരക്കുണ്ടാകുമെന്നത് പരിഗണിച്ച് നട തുറക്കുന്നത് ഇത്തവണ നേരത്തെയാക്കിയിരുന്നു. പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട, മൂന്നു മണിക്ക് തന്നെ തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനത്തിന് അവസരമുണ്ട്. വൈകീട്ട് മൂന്നു മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനം അനുവദിച്ചിരുന്നത്. ഇത് ഇന്നു മുതല്‍ രാത്രി 11.30 വരെയാക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 24 മണിക്കൂറില്‍ അഞ്ചര മണിക്കൂര്‍ ഒഴികെ, മുഴുവന്‍ സമയവും ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പ്രത്യേക പൂജകളില്‍ സമയം ചുരുക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മേല്‍ശാന്തിമാര്‍ അടക്കമുള്ളവര്‍ക്ക് വിശ്രമത്തിന് അഞ്ചര മണിക്കൂര്‍ മാത്രമാകും ലഭിക്കുക. അതുകൊണ്ടു തന്നെ ഇനിയും സമയം വര്‍ധിപ്പിക്കുക പ്രയാസകരമാണെന്ന് അനന്തഗോപന്‍ പറഞ്ഞു. ശബരിമലയില്‍ തിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞിരുന്നു. ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാനാകുമോ എന്ന് തന്ത്രിയുമായി ആലോചിച്ച് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ദര്‍ശനം കിട്ടാതെ ആരും മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  


അതേസമയം ശബരിമലയില്‍ ഭക്തജനത്തിരക്ക് ക്രമാതീതമായതോടെ,  തിരക്ക് നിയന്ത്രിക്കാൻ പുതിയ നിര്‍ദേശവുമായി പൊലീസ് രംഗത്തെത്തി. വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് പ്രതിദിനം 85,000 പേര്‍വരെയായി ചുരുക്കണം. നിലവില്‍ 1.20 ലക്ഷം പേര്‍ക്ക് വരെ പ്രതിദിനം ബുക്ക് ചെയ്യാവുന്നതാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നാളെ ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസം ബുക്ക് ചെയ്തവരായി ഒരു ലക്ഷത്തി അയ്യായിരത്തോളവും ബുക്ക് ചെയ്യാതെ ആറായിരത്തിലേറെ പേരും എത്തിയതായാണ് വിലയിരുത്തല്‍. ഇതാണ് തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചതെന്നും പൊലീസ് കണക്കു കൂട്ടുന്നു.


ശബരിമലയില്‍ ഒരു മണിക്കൂറിനിടെ 3500 നും 5000നും ഇടയില്‍ ആളുകള്‍ക്കാണ് സുഗമമായി ദര്‍ശനത്തിന് സാധ്യതയുള്ളത് ഇപ്രകാരം പരമാവധി 75,000 നും 85,000 നും ഇടയില്‍ ആളുകള്‍ക്ക് ഒരു ദിവസം ദര്‍ശനം സാധ്യമാകും. 85,000 ന് മുകളിലേക്ക് പോയാല്‍ ഭക്തരുടെ ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തേക്ക് നീളും. ഒരു ലക്ഷത്തിന് മുകളിലേക്ക് പോയാല്‍ അപ്പാച്ചിമേട് വരെ ക്യൂ നീളുന്ന സാഹചര്യം ഉണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ പമ്പയിലും നിലയിക്കലും മാത്രമല്ല എരുമേലിയില്‍ വരെ ഗതാഗതനിയന്ത്രണത്തിന് കാരണമാകും. ഇത് അയ്യപ്പ ഭക്തരുടമാത്രമല്ല, മറ്റു വാഹന ഗതാഗതത്തെയും ബാധിക്കുന്ന സ്ഥിതി വരുമെന്നും പൊലീസ് സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.