അവൾക്കൊപ്പം മാത്രം, നിലപാട് ആവർത്തിച്ച് ദീദി ദാമോദരൻ; കുറ്റം കോടതി തെളിയിക്കട്ടെ
ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് സിനിമാപ്രവ൪ത്തകയും വിമൻ ഇർ സിനിമ കളക്ടീവ് അംഗവുമായ ദീദി ദാമോദരൻ. തന്റെ നിലപാടുകൾ ദിലീപിനെ കാണാൻ ജയിലിലേക്ക് കൂട്ടതീർത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ അത് ആൺ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണയെയാണ് കുറിക്കുന്നതെന്ന് ദീദി ഫേസ്ബുക്കിൽ വ്യക്തമാക്കി.
താൻ ഒരു കുറ്റാന്വേഷണ ഏജൻസിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാൻ ഞാനൊരു വക്കീലുമല്ല. അത് പറയേണ്ടത് പോലീസും കോടതിയുമാണെന്ന് ദിദീ പോസ്റ്റിൽ പറയുന്നു. ദിലീപുമായും കാവ്യയുമായും വ്യക്തിപരമായ അടുപ്പം തുറന്നു പറയുന്ന ദീദി ദാമോദരൻ പക്ഷേ ഇത്തരം അടുപ്പം തന്റെ നിലപാടുകൾക്ക് വിഘാതമാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
'കഴിഞ്ഞ കാൽനൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവൾക്കൊപ്പം നിൽക്കാനേ കഴിയൂ. അതിൽ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്,' ദീദി ദാമോദരൻ വ്യക്തമാക്കി. പോസ്റ്റ് വായിക്കാം.