Archana Kavi: നടി അർച്ചന കവിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി
Archana Kavi: രാത്രി ഫോർട്ട് കൊച്ചിയിലേക്ക് ഓട്ടോറിക്ഷയിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ പോലീസ് മോശമായി പെരുമാറിയെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
കൊച്ചി: രാത്രി യാത്ര ചെയ്യുന്നതിനിടെ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും കൊച്ചിയിൽ പോലീസ് മോശമായി പെരുമാറിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സര്‍വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. രാത്രി ഫോർട്ട് കൊച്ചിയിലേക്ക് ഓട്ടോറിക്ഷയിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ പോലീസ് മോശമായി പെരുമാറിയെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
തുടർന്ന് കൊച്ചി പോലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മോശമായി പെരുമാറിയ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. ബിജുവിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ നടി പരാതി നല്‍കിയിരുന്നില്ല. പത്രവാര്‍ത്തകളുടെയും സമൂഹ മാധ്യമങ്ങളിലെ നടിയുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍ കൊച്ചി പോലീസ് ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് മട്ടാഞ്ചേരി എ.സി.പി. കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍സ്പെക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി കമ്മീഷണറും വ്യക്തമാക്കി.
ALSO READ: Archana Kavi: പോലീസുകാരൻ മോശമായി പെരുമാറി; അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
അർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്:
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?
ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് ഓട്ടോയിൽ തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. വളരെ പരുക്കന്‍ ഭാഷയിലാണ് അവർ പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...