കൊച്ചി:  എറണാകുളം പുത്തൻകുരിശിൽ സിപിഎം പ്രാദേശിക നേതാവ് വയൽ നികത്തി അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനെതിരെ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കെട്ടിടം നിയമ വിരുദ്ധമെങ്കിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഭരണസ്വാധീനം ഉപയോഗിച്ച് നടപ്പാക്കുന്നില്ലെന്നാണ് പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഥമദൃഷ്ട്യ അനധികൃതമാണെന്ന് തെളിഞ്ഞിട്ടും വിധി നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പൂതൃക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാടഭൂമിയിലാണ് സിപിഎം പ്രാദേശിക നേതാവായ കെട്ടിട ഉടമ ജോസ് മാത്യു എന്ന എംഎം തങ്കച്ചനാണ് മണ്ണിട്ട് നികത്തി കൂറ്റൻകെട്ടിടം നിർമ്മിച്ചത്. അനധികൃതമായി നിർമിച്ച് കെട്ടിപ്പൊക്കിയ സ്ഥലത്ത് തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, എന്നീ റവന്യു അധികാരികൾ പരിശോധന നടത്തി നിയമ ലംഘനം നടത്തിയോ എന്ന് പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് കൊടുക്കണമെന്നാണ് ഉത്തരവ്. 


Also read: ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം CBI ഏറ്റെടുത്തു


എന്നാൽ ഉന്നത രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് തങ്കച്ചൻ കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുവെന്നാണ് പരാതിക്കാരനായ സാജു തുരുത്തികുന്നേലിന്റെ  ആരോപണം. സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് മെമ്പറും വടവുകോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ തങ്കച്ചൻ ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ  അടുപ്പക്കാരനുമാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാൻ നീക്കം നടത്തുന്നതെന്നാണ് പരാതി.  


ജൂലൈ 24ന് അനധികൃത നിർമ്മാണ സ്ഥലത്ത് മൂന്ന് ഉദ്യോഗസ്ഥരും എത്തിച്ചേരുമെന്ന് പരാതിക്കാരനെ അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസർ മാത്രമാണ് വന്നത്. അതേസമയം സ്ഥലമുടമ നിശ്ചിത ഫീസടച്ച് പാട ഭൂമി പരിവർത്തനം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പാടം നികത്തി നിർമ്മിച്ച ഈ കെട്ടിടം പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉന്നത ഇടപെടൽ മൂലം കെട്ടിടം പൊളിക്കാതെ നീട്ടി കൊണ്ട് പോവുകയാണ് ചെയ്തത്. 


ആരോപണ വിധേയനായ കെട്ടിട ഉടമയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ച ഉൾപ്പെടെ സംശയനിഴലിലാണ്. കോടിക്കണക്കിന് വിലമതിപ്പ് വരുന്ന ഈ കെട്ടിടം മാത്രമല്ല, റിയൽ എസ്റ്റേറ്റിന്റെ  പേരിൽ പല പ്രദേശങ്ങളിലായി ഇയാൾ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടിയെന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിലെ ഉന്നത സിപിഎം നേതാവുമായുള്ള ബന്ധമാണ് ഇയാളുടെ കരുത്ത്.  കേസ് നീട്ടികൊണ്ടു പോകുവാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ ഹൈക്കോടതിയിൽ നിന്നും അഭിഭാഷക കമ്മീഷനെ കൊണ്ടുവരാൻ വീണ്ടും കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ സാജു തുരുത്തികുന്നേൽ പറഞ്ഞു. വർഷങ്ങളായി പുത്തൻകുരിശ് ഉൾപ്പെടുന്ന സമീപ പ്രദേശങ്ങളിൽ ഭൂമാഫിയ വിളയാട്ടം വ്യാപകമാണെന്നും ആക്ഷേപമുണ്ട്.