തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്‍റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയില്‍ മേധാവി ഡി.ജി.പി. ആര്‍. ശ്രീലേഖയെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

15നകം നിയമനനടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.


ശ്രീലേഖയ്ക്കുപുറമേ, വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.


ശ്രീലേഖയെ വിജിലന്‍സ് ഡയറക്ടറായി നിയോഗിച്ചാലും തത്കാലം ജയില്‍ ഡി.ജി.പി.യുടെ ചുമതലയിലും തുടരും. സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയായ അവര്‍, സിബിഐയില്‍ സൂപ്രണ്ടായി നാലുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിജിപി റാങ്ക് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണ് ശ്രീലേഖ. 1987 ബാച്ചില്‍പ്പെട്ട ശ്രീലേഖയ്ക്ക് മൂന്നുവര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്.


ജോലിഭാരംമൂലം വിജിലന്‍സിലെ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പലവട്ടം ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സില്‍നിന്ന് വിടുതല്‍ ആവശ്യപ്പെട്ട് അടുത്തിടെ ബെഹ്‌റ സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാനുള്ള തീരുമാനം. 11 മാസമായി ബെഹ്‌റ വിജിലന്‍സ് മേധാവിയുടെ അധികച്ചുമതല വഹിക്കുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്‍റെ നിലപാടും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.