തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരി കേരള പൊലീസിൽ നിന്ന് വിരമിക്കുന്നു. 36 വർഷത്തെ സ്തുത്യർഹ സേവനത്തിനൊടുവിലാണ് തച്ചങ്കരി വിരമിക്കുന്നത്. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന വിരമിക്കൽ ചടങ്ങിൽ തന്റെ പൊലീസ് ജീവിതം അടയാളപ്പെടുത്തിയുള്ള പാട്ടുപാടി വിടവാങ്ങൽ പ്രസംഗം നടത്തി. പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ് കേരള പൊലീസിൽ നിന്ന് പടിയിറങ്ങുന്നതെന്ന് വിടവാങ്ങൽ പരേഡിലെ പ്രസംഗത്തിൽ തച്ചങ്കരി പറഞ്ഞു. മഹാഭാരതകഥയിലെ കർണ്ണനോട് ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അമ്പയത്ത് പരിശീലനത്തിൽ കർണ്ണനായിരുന്നു അർജുനനെക്കാൾ മുന്നിലെത്തിയത്. പക്ഷേ, വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് അർജുനനായിരുന്നു. അർജുനനെ പോലെ തന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുന്നുവെന്ന് ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. ആരെയും പേരെടുത്ത് പരാമർശിക്കാതെയുള്ള പരോക്ഷമായിട്ടായിരുന്നു പ്രതികരണം. ചിലർ തനിക്ക് പലകുറി പണി തന്നുവെന്ന ധ്വനിയും വിടവാങ്ങൽ പ്രസംഗത്തിൽ പ്രതിഫലിച്ചിരുന്നു.


ALSO READ: രണ്ടേകാൽ വർഷം കൊണ്ട് കരാർ കമ്പനി നേടിയത് 322 കോടി; പാലിയേക്കര ടോള്‍ പ്ലാസയിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്


സേനയിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതിന്റെ ഭാഗമായി ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ചില കാര്യങ്ങൾ പരോക്ഷമായി തച്ചങ്കരി തുറന്നു പറഞ്ഞിരുന്നു. തനിക്ക് സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ലഭിക്കുന്നതിൽ ചില ഉദ്യോഗസ്ഥർ തടസ്സം നിന്നിരുന്നു. ഉന്നത ഐഎഎസ്, ഐപിഎസ് ഓഫീസർമാരെ പലരെയും പേരെടുത്ത് പരാമർശിച്ചും നേരത്തെ അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 


പൊലീസിൽ നിന്ന് വിടവാങ്ങുമ്പോൾ സാധാരണഗതിയിൽ ഉന്നത ഉദ്യോഗസ്ഥർ ചെയ്യുന്നതുപോലെ സർവീസ് സ്റ്റോറി എഴുതുന്നതിന് പകരം അഭിനയരംഗത്തേക്ക് കടക്കുമെന്നാണ് അദ്ദേഹം പങ്കുവെക്കുന്നത്. കൊച്ചിയിലുള്ള റയാൻ സ്റ്റുഡിയോയിൽ പാട്ടും അഭിനയവും സിനിമയുമായിട്ടൊക്കെ ശിഷ്ടകാലം മുന്നോട്ടു പോകാനാണ് തച്ചങ്കരിക്ക് താത്പര്യം. മനുഷ്യാവകാശ കമ്മീഷനിൽ ഇൻവെസ്റ്റിഗേറ്റീവ് ഡിജിപിയായിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.


ടോമിൻ ജെ തച്ചങ്കരി ഐപിഎസ് 


ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിൽ ജനിച്ച ടോമിൻ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. കേരള കേഡറിൽ എ.എസ്.പിയായി ആലപ്പുഴയിൽ സർവ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറൽ, ഇടുക്കി, എറണാകുളം റൂറൽ,  കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ എസ്.പിയായി പ്രവർത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിൻറെ സ്പെഷ്യൽ സെൽ, ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കൽ സർവ്വീസസ് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയി ജോലി നോക്കി. ഇടക്കാലത്ത് കേരളാ ബുക്ക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്നു.
   
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ആസ്ഥാനം, കണ്ണൂർ റേഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഐ.ജി ആയിരിക്കെ കേരളാ മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ്, കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ഐ.ജി ആയും ട്രാൻസ്പോർട്ട് കമ്മീഷണറായും പ്രവർത്തിച്ചു. 


എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റൽ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പോലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയൻ, കോസ്റ്റൽ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പിയായിരുന്നു. 


കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതല വഹിച്ചു. കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ  ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ, കേരള പോലീസ് ഹൗസിംഗ് ആൻറ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. ഫയർ ആൻറ് റെസ്ക്യു മേധാവിയായും പ്രവർത്തിച്ചു.


കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടർന്ന് മനുഷ്യാവകാശ കമ്മീഷനിൽ ഇൻവെസ്റ്റിഗേഷൻ ഡി.ജി.പി ആയി.  
 
ഇടുക്കി ജില്ലയിലെ ആലക്കോട്, കലയന്താന്നി, മുതലക്കോടം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പഠനത്തിനുശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘ തച്ചങ്കരി, കാവ്യ തച്ചങ്കരി എന്നിവരാണ് മക്കൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.