കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടൻ പരിഹാരമാകുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാരും മാനേജ്‌മെന്റും  വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വൈദ്യുതി മന്ത്രി വ്യക്തമാക്കി.മുന്‍ധാരണകളില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമായിരുന്നെന്നും ഇടപെടാന്‍ വൈകിയിട്ടില്ല, പ്രശ്‌ന പരിഹാരത്തിനായി തനിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നില്ലെന്നും ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. വൈദ്യുതി ഭവന് മുന്നില്‍ നടന്നു വന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു.


മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നത്. അസോസിയേഷനെ പ്രതിനിധീകരിച്ച് സുരേഷ് കുമാര്‍,ഹരികുമാര്‍ എന്നീവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.


അതേസമയം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നു. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കമാണെന്ന് ചില നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമായിരുന്നു.


സമരത്തിനെതിരായ നയമാണ് കെഎസ്ഇബിയിലുള്ളതെന്ന് ട്രേഡ് യൂണിയന്‍ രംഗത്തുനിന്നുള്ള നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ആരോപണം ഉന്നയിച്ചു. സമരങ്ങളോട് എതിര്‍പ്പില്ല എന്ന നയമാണ് എല്‍ഡിഎഫിന് പൊതുവായുള്ളതെന്നും അതിന് എതിരായ സമീപനമാണ് ഇപ്പോള്‍ കെഎസ്ഇബിയിലുള്ളതെന്നും നേതാക്കള്‍ വ്യക്തമാക്കി. കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍ അടിയന്തരമായി പാര്‍ട്ടിയും സര്‍ക്കാരും ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അഴിമതി ലക്ഷ്യംവെച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ഇബിയില്‍ നടക്കുന്നതെന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു അടക്കമുള്ള നേതാക്കളുടെ ആരോപണം.