Doctors strike | പിജി ഡോക്ടർമാരുമായി ചർച്ചയില്ല; ഹൗസ് സർജൻമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
പിജി ഡോക്ടർമാരുമായി ഇനി ചർച്ചയില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ആരോഗ്യവകുപ്പ്.
തിരുവനന്തപുരം: ഹൗസ് സർജൻമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. സൂചനാ പണിമുടക്ക് ആരംഭിച്ചതിന് പിന്നാലെയാണ് ഹൗസ് സർജൻമാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. എന്നാൽ പിജി ഡോക്ടർമാരുമായി ഇനി ചർച്ചയില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ആരോഗ്യവകുപ്പ്.
തിങ്കളാഴ്ച രാവിലെ എട്ട് മുതൽ 24 മണിക്കൂറാണ് ഹൗസ് സർജൻമാർ പണിമുടക്ക് നടത്തുന്നത്. പിജി ഡോക്ടർമാർ സമരം ആരംഭിച്ചിട്ട് നാല് ദിവസമായി. എന്നാൽ പിജി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിക്കില്ലെന്ന നിലപാടിൽ തുടരുകയാണ് ആരോഗ്യവകുപ്പ്. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ളവയിൽ നിന്ന് വിട്ടുനിന്നാണ് പിജി ഡോക്ടർമാർ സമരം ചെയ്യുന്നത്. ഇതിനിടെയാണ് ആരോഗ്യമന്ത്രി ഹൗസ് സർജൻമാരെ മാത്രം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിജി ഡോക്ടർമാർ സമരം നടത്തുന്നത്. എന്നാൽ, ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ഇനി ചർച്ചയില്ലെന്നുമാണ് സർക്കാർ നിലപാട്.
പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമരത്തിനിറങ്ങിയതോടെ സർക്കാർ ആശുപത്രികളിലെ ചികിത്സ താറുമാറായി. ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ മാറ്റി. ഒപി ചികിത്സ മുടങ്ങി. രോഗികളെ മടക്കി അയയ്ക്കേണ്ട അവസ്ഥയിലാണ് പല മെഡിക്കൽ കോളേജുകളും. മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...