മലപ്പുറം: താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്ന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്”- എന്നായിരുന്നു വിജയരാഘവന്‍റെ വാക്കുകള്‍. ഇന്നലെ പൊന്നാനിയില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.


സ്ത്രീ ശാക്തീകരണം ഊന്നിപ്പറയുന്ന പാര്‍ട്ടിയുടെ നേതാവിന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. അതേസമയം, നേതാവിന്‍റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. 


രമ്യ ഹരിദാസിനെ അധിക്ഷേപിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍റെ കോലം കത്തിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. 


തുടര്‍ന്ന് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡിവൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. എം.എല്‍.എമാരായ അനില്‍ അക്കര, ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് എന്നിവരുടെ കൂടെ എത്തിയാണ് പരാതി നല്‍കിയത്. വിജയരാഘവന്‍റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും പരാതി നല്‍കുമെന്നും രമ്യ നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രസംഗങ്ങളില്‍ തനിക്കെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം യാദൃശ്ചികല്ലെന്നും ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.


"നവോത്ഥാന മുദ്രാവാക്യമുയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. തെറ്റ് തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും” രമ്യ ഹരിദാസ് പറഞ്ഞു.


"ആലത്തൂരിലെ ഇടത് സ്ഥാനാര്‍ഥി ഈ വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ഖേദം തോന്നുന്നു. എതിര്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ നല്‍കേണ്ട ബഹുമാനം അദ്ദേഹത്തില്‍ നിന്ന് ലഭിച്ചില്ല" രമ്യ പറഞ്ഞു. 


ബിജുവിന്‍റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോലും വിജയരാഘവന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ചിട്ടില്ല. ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.