യുവതി പ്രവേശനം ആയുധമാക്കാം, എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുത്
അയ്യപ്പന്റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്തവനകളോ വോട്ട് ചോദിക്കുന്നതിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. അതേസമയം, അയ്യപ്പന്റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്തവനകളോ വോട്ട് ചോദിക്കുന്നതിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൃപ്തിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള യോഗത്തിനു ശേഷം പറഞ്ഞിരുന്നു.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്നും, എന്നാല്‍ എന്തുപറയാമെന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള അവകാശം ബി.ജെ.പിക്കുണ്ട്. എന്നാല്‍ മതവികാരമുണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നത് വ്യക്തമായി. ബി.ജെ.പിയിലെ എല്ലാ നേതാക്കളും ലക്ഷ്മണരേഖ എന്തെന്ന് നന്നായി അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.