Dr Vandana Das Murder: ഡോ. വന്ദനാദാസ് കൊലപാതകം: അധ്യാപകനായ പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി
ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
തിരുവനന്തപുരം: ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായി മന്ത്രി വി ശിവൻകുട്ടി. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണ് സന്ദീപ് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൌസ് സർജനായ ഡോ. വന്ദനയെ സന്ദീപ് കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളായിരുന്നു പ്രതി. കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു പ്രതി. കഴുത്തിലും ഹൃദയത്തിലും ആഴത്തിൽ ആയുധം കുത്തിയിറക്കിയാണ് പ്രതി കൊലനടത്തിയത്.
Dr Vandana das: ഇനി എന്തിനീ ബിരുദം? വികാരാധീനരായി വന്ദനയുടെ മാതാപിതാക്കൾ, ആശ്വസിപ്പിച്ച് ഗവർണർ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്നാണ് വാങ്ങിയത്. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമ്പോൾ മാതാപിതാക്കൾ വിതുമ്പിക്കരയുകയായിരുന്നു. അവളില്ലാതെ ഈ സർട്ടിഫിക്കറ്റ് എന്തിന് എന്നാണ് അച്ഛനും അമ്മയും അധ്യാപകരോട് ചോദിച്ചത്. കാഴ്ച്ചക്കാരുടെ കരളലിയിക്കുന്ന കാര്യങ്ങളാണ് തൃശൂർ ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ അരങ്ങേറിയത്.
മകളുടെ ജീവിതാഭിലാഷമായിരുന്ന എംബിബിഎസ് ബിരുദമാണ് ഈ അച്ഛനമ്മാർക്ക് ഇന്ന് വന്ദനയുടെ അഭാവത്തിൽ ഏറ്റു വാങ്ങേണ്ടി വന്നത്. ഇരുവരെയും ചേർത്ത് പിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു. തന്റെ ജോലിയിൽ ആത്മാർത്ഥമായ സമീപനം ഉണ്ടായിരുന്ന കുട്ടിയായിരുന്നു വന്ദനയെന്നും, ഇനി ഇത്തരത്തിൽ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും ഗവർണർ ചടങ്ങിൽ പറഞ്ഞു. കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.
കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ അതിദാരുണമായി കൊലപ്പെടുത്തിയത്. മറ്റൊരു കേസിൽ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് അക്രമസക്തനാവുകയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും വന്ദനയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സന്ദീപ് ഡോക്ടർ വന്ദനയെ സർജിക്കൽ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...