`തായ്ലൻഡ്` കഞ്ചാവ് കടത്തി; കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ
Drug seized from bus: ഒരു വർഷം മുമ്പ് കരമന സിഐടിയു റോഡിലെ അപ്പാർട്ട്മെൻറിൽ പെൺവാണിഭം എതിർത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ വിനിഷയും ഭർത്താവും പ്രതികളായിരുന്നു.
തിരുവനന്തപുരം: തായ്ലൻഡ് കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24), ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ആഡംബര ബസിലാണ് ഇരുവരും കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്ലൻഡ് കഞ്ചാവാണ് പാറശാല പോലീസ് പിടികൂടിയത്. പാറശാല സി.ഐ യുടെ നേതൃത്വത്തിൽ പോലീസും, ആന്റി നാർക്കോട്ടിക് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. പരശുവയ്ക്കലിൽ നടത്തിയ പരിശോധനയ്ക്കിടെ ബംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ് പോലീസിൻറെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ബസിൽ നടത്തിയ പരിശോധനയ്ക്കിടെ ഇരുവരുടെയും ബാഗിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ALSO READ: ചിന്നക്കനാലിന് ആശ്വാസം; അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്
ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിയിലായ വരുൺ ബാബു ഇതിന് മുമ്പും കഞ്ചവ് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പും ബസിൽ നിന്ന് സമാനമായ രീതിയിൽ വരുൺ ബാബുവിനെ പോലീസ് പിടികൂടിയിരുന്നു. അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഒരു വർഷം മുമ്പ് കരമന സിഐടിയു റോഡിലെ അപ്പാർട്ട്മെൻറിൽ പെൺവാണിഭം എതിർത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനിഷ എന്നും പാറശാല പോലീസ് അറിയിച്ചിട്ടുണ്ട്. ഈ കേസിൽ വിനിഷയുടെ ഭർത്താവായിരുന്നു ഒന്നാം പ്രതി. കാപ്പ കേസിൽ അടുത്തിടെ ഇയാൾ പിടിയിലായിരുന്നു.
നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്ത്, പാറശാല ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാം, എസ്ഐ ഷിബുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ഇവരെ പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. തായ്ലൻഡിൽ ഉത്പ്പാദിപ്പിക്കുന്ന കഞ്ചാവാണ് തായ്ലൻഡ് കഞ്ചാവ് എന്നറിയപ്പെടുന്നത്. ഇത്തരം കഞ്ചാവിൻറെ ഒരു ഗ്രാമിന് ഏകദേശം 3,000 രൂപയോളം വില വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...