തിരുവനന്തപുരം: പൗരത്വ നിയമ ഭേദ​​ഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ. പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് ആകെ ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭ കേരളമാണ്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഈ നിലപാട്  സ്വീകരിക്കുമോ എന്നും പല്ലും നഖവും ഉപയോഗിച്ച് നിയമത്തെ എതിർക്കാൻ തയ്യാറാകുമോ എന്നും എ എ റഹീം ചോദിച്ചു. കോൺഗ്രസ് ബിജെപിയെ പിന്തുണയ്ക്കുന്ന മൃദു ഹിന്ദുത്വ സമീപനം അവസാനിപ്പിക്കണം. ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ALSO READ: പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കല്‍, ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധം


പൗരത്വ ഭേദഗതി നിയമം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) 


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുവന്നതാണെന്നും സിപിഐഎം വ്യക്തമാക്കി. 


കേരളത്തില്‍ ഇത് നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. യാതൊരുകാരണവശാലും അതുകൊണ്ട് തന്നെ കേരളത്തില്‍ ഈ നിയമം നടപ്പിലാക്കപ്പെടുകയില്ല. ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രീം കോടതിയില്‍ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നത് എന്നത് യാദൃശ്ചികമല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. 


മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.