തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലംമ്പലത്തെ വീട്ടിലാണ്‌ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സനലിന്‍റെ മരണത്തിന് ശേഷം ഒളിവില്‍ പോയിരുന്നു ഡിവൈഎസ്‌പി ഹരികുമാര്‍. 


ഹരികുമാറിനെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.


കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ലോക്കല്‍ പൊലീസ് നേരത്തെ കൊലപാതകം കുറ്റം മാത്രം ചുമത്തിയ കേസില്‍ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് കൂടുതല്‍ വകുപ്പുകള്‍ ചാര്‍ത്തി.


നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 


ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ആണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തത്.