തിരുവനന്തപുരം:  സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് ഇന്ന് ചേര്‍ന്ന സി.പി.എമ്മിന്‍റെ സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാന പ്രകാരമായിരുന്നു രാജി.  


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യവസായ വകുപ്പിൽ തന്‍റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റുകാരനാണെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചുവെന്ന് കൊടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ രാജിക്കനുമതി നല്‍കണമെന്ന് ജയരാജന്‍ യോഗത്തില്‍ പറഞ്ഞു. 


മറ്റ് സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്ഥമാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് തെളിയിക്കാന്‍ തന്നെ രാജിവെക്കാന്‍ അനുവദിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗികാരം നല്‍കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ജയരാജൻ ഇന്ന് തന്നെ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.


ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഇനി മുതല്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. എന്നാല്‍, ജയരാജൻ വഹിക്കുന്ന പാർട്ടി സ്ഥാനങ്ങൾ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി അറിയിച്ചു. 


ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വലിയ വിമര്‍ശനങ്ങളാണ് ജയരാജന്‍ ഏറ്റുവാങ്ങേണ്ടി വന്നത്


മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, തോമസ് ഐസക്, എ.കെ.ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമര്‍ശനം. സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജന്‍ ചെയ്തതെന്നായിരുന്നു മന്ത്രിമാരുടെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ജയരാജന്‍റെ രാജി പ്രഖ്യാപനം.