K.Sudhakaran: കെ.സുധാകരന് കുരുക്ക് മുറുകുന്നു? മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ വിവരങ്ങൾ തേടി ഇഡി
ED in Monson financial fraud case: സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മോൻസൺ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ വിവരങ്ങൾ തേടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മോണ്‍സന്‍റെ മൂന്ന് ജീവനക്കാരിൽ നിന്നാണ് ഇ.ഡി മൊഴിയെടുത്തത്. കെ സുധാകരനും ഇ.ഡി നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന.
കെ സുധാകരന് എതിരെ ക്രൈബ്രാഞ്ചിന് മൊഴി നൽകിയ മോൻസന്‍റെ ജീവനക്കാരായിരുന്ന അജി, ജോഷി, ജെയ്സണ്‍ എന്നിവരിൽ നിന്നാണ് ഇ.ഡി വിവരങ്ങൾ തേടിയത്. ഒരു മാസം മുമ്പായിരുന്നു ഇഡി ഇവരിൽ നിന്ന് വിവരങ്ങൾ തേടിയത്. 25 ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുക.
ALSO READ: അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
അതേസമയം, നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.സുധാകരൻ ഇന്ന് ഹാജരായില്ല. തിരക്കുകൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. ഹാജരാകാൻ കെ.സുധാകരൻ പത്ത് ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ്. ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് റദ്ദാക്കാനായി നിയമവഴികൾ തേടാനൊരുങ്ങുകയാണ് സുധാകരൻ. ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളും അദ്ദേഹം തുടങ്ങിയതായാണ് വിവരം.
സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് പരാതിയിൽ പറയുന്ന 2018 നവംബർ 22ന് ഉച്ചയ്ക്ക് 2 മണിക്ക് മോണ്‍സന്‍റെ വീട്ടിൽ കെ.സുധാകരന്‍റെ സാന്നിധ്യം ഉണ്ടെന്നതിന്റെ ഡിജിറ്റൽ തെളിവുകളാണ് ക്രൈം ബ്രാഞ്ച് നിരത്തുന്നത്. ഇത് ശാസ്ത്രീയമായി തെളിയിച്ചാണ് ക്രൈം ബ്രാഞ്ചിൻ്റെ നീക്കങ്ങൾ. അന്ന് എടുത്ത ചിത്രങ്ങൾ ഗാഡ്ജറ്റുകളിൽ നിന്ന് സൈബർ ഫോറൻസിക്ക് വഴി ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അന്ന് മോൻസനെ ചികിത്സക്കായാണ് കണ്ടതെന്നും പരാതിക്കാരുമായി ഇടപെടുകയോ സാമ്പത്തിക വിനിമയം അറിയുകയോ ചെയ്തിട്ടില്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...