Thiruvananthapuram : എടയാർ വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിന് കോമൺ എഫ്‌ളുവൻറ് ട്രീറ്റ്‌മെന്റ് പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതിക്ക് സിഡ്ബി 30 കോടി രൂപ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.  സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻറ്  ബാങ്ക് ഓഫ് ഇന്ത്യ (SIDBI)  ക്ലസ്റ്റർ  ഡെവലപ്മെൻറ് ഫണ്ട് സ്കീമിന് കീഴിലാണ് 30 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എടയാർ  വ്യവസായ മേഖലയിൽ ഉണ്ടാകുന്ന മലിനീകരണത്തിൽ നിന്നും പെരിയാർ നദിയെ സംരക്ഷിക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ് എഫ്‌ളുവൻറ് ട്രീറ്റ്മെൻറ് പ്ലാൻറ്. പ്രതി ദിനം രണ്ടു മില്യൺ ലിറ്റർ വരെ മലിന ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് നിർദിഷ്ട പ്ലാൻറ്. വ്യത്യസ്തമായ ടാങ്കുകളിലും ചേംബറുകളിലും ശേഖരിക്കുന്ന മലിനജലം   ബയോളജിക്കൽ ട്രീറ്റ്മെൻറ്, കെമിക്കൽ ട്രീറ്റ്മെൻറ് എന്നിവ മുഖേന നിർവീര്യമാക്കിയും ഫിൽറ്ററേഷൻ, റിവേഴ്സ് ഓസ്മോസിസ്  എന്നിവ വഴി ശുചീകരിച്ചും  പുറംതള്ളുന്നതാണ് സംവിധാനം. 


എടയാർ വ്യവസായ വികസന ഏരിയയിലെ നിലവിൽ എഫ്‌ളുവൻറ്  ട്രീറ്റ്മെൻറ് പ്ലാൻറ് ഉള്ള മുഴുവൻ യൂണിറ്റുകളും പുതുതായി ആരംഭിക്കുന്ന കോമൺ എഫ്‌ളുവൻറ്  ട്രീറ്റ്മെൻറ് പ്ലാൻ്റുമായി സഹകരിച്ച് പ്രവർത്തിക്കും. പെരിയാർ നദിയുടെ നിശ്ചിത ഭാഗങ്ങളിൽ പുറന്തള്ളുന്ന ജലത്തിൻറെ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി മൈക്രോബയോളജി ലാബുകൾ പ്രവർത്തിപ്പിച്ച് പ്ലാന്റിൻറെ  കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. 


കേരള വാട്ടർ അതോറിറ്റി ആണ് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചത്. രണ്ടുവർഷത്തെ കാലയളവിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്റ്റിനെ ചെലവ് 37.5 കോടി രൂപയാണ്. പ്ലാൻറ് സ്ഥാപിക്കുന്നത് വഴി നാഷണൽ ഗ്രീൻ ട്രൈബ്യൂണലിൻ്റെ 2018 ലെ വിധി നടപ്പിലാക്കാൻ കഴിയും.


സംസ്ഥാനത്ത് ഏറ്റവുമധികം വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് എടയാർ മേഖലയിലാണ് . 1964- ൽ  ആരംഭിച്ച എടയാർ ഡെവലപ്പ്മെൻറ് ഏരിയയിൽ സ്ഥാപിച്ച  336 യൂണിറ്റുകളിൽ നിലവിൽ 303 എണ്ണം പ്രവർത്തിക്കുന്നുണ്ട്.  പ്ലാൻ്റിൻ്റെ ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് ചെലവുകൾക്കായി ഓരോ വർഷവും 11 കോടി രൂപയോളം  സർക്കാർ ചെലവഴിക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.