തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ നിന്നും സി.പി.ഐയിലെ വി ശശിയും, യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിലെ ഐസി ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗത്വം അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശി വിജയിക്കാനാണ് സാധ്യത. രാവിലെ 9.30 ന് തെരഞ്ഞെടുപ്പ് ആരംഭിക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.ഉടന്‍ തന്നെ വോട്ടെണ്ണലും നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബജറ്റ് അവതരണത്തിനുമുമ്പാണ് തെരഞ്ഞെടുപ്പ്. ബജറ്റ് ചര്‍ച്ചയിലെ ആദ്യപ്രസംഗം ഡെപ്യൂട്ടി സ്പീക്കറുടേതാണ്.അതേസമയം പിസി ജോര്‍ജിന്റേയും, ഒ രാജഗോപാലിന്റേയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഒരു വോട്ട് അധികമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് കിട്ടിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.


ചിറയിന്‍കീഴ് മണ്ഡലത്തിന്‍റെ പ്രതിനിധിയാണ് വി. ശശി. ബാലകൃഷ്ണന്‍ സുല്‍ത്താന്‍ ബത്തേരിയില്‍നിന്നുള്ള അംഗവും. ശശിയും ബാലകൃഷ്ണനും തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പിയിലെ ഒ.രാജഗോപാലും സ്വതന്ത്രന്‍ പി.സി. ജോര്‍ജും ആര്‍ക്ക് വോട്ട് ചെയ്യുമെന്നതും ശ്രദ്ധിക്കപ്പെടും.