ഉത്സവത്തിനിടയിൽ ആന വിരണ്ടോടി; ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്ത് ഫോറസ്റ്റ് ഡിപാർട്മെന്റ്
ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് വനം വകുപ്പിന്റെ കീഴിലുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഉത്സവക്കമ്മിറ്റി ഭാരവാഹികൾ എടുത്തിരുന്നില്ല.
തിരുവിതാംകൂർ ദേവസം ബോർഡിന് കീഴിലുള്ള വര്‍ക്കല പാളയംകുന്ന് ശ്രീകണ്ഠശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയ സംഭവത്തിൽ ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ ഫോറസ്റ്റ് ഡിപാർട്മെന്റ് കേസെടുത്തു. ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് വനം വകുപ്പിന്റെ കീഴിലുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഉത്സവക്കമ്മിറ്റി ഭാരവാഹികൾ എടുത്തിരുന്നില്ല. അനുമതിയില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫോറസ്റ്റ് ഡിപാർട്മെന്റ് ഉത്സവക്കമ്മിറ്റിക്കെതിരെ കേസെടുത്തത്.
2012 ലെ നാട്ടാന പരിപാലന നിയമപ്രകാരം കേസെടുത്തു. ആറ്റിങ്ങൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ആണ് കേസെടുത്തത് . ഇതു പ്രകാരമുള്ള ശിക്ഷാ നടപടികളും ക്ഷേത്രഭാരവാഹികൾ നേരിടേണ്ടി വരും. കൊല്ലം പരവൂർ സ്വദേശി മോഹൻലാൽ എന്ന വ്യക്തിയുടെ ഉടമസ്‌ഥതയിലുള്ള ആനയാണ് വിരണ്ടോടിയ കരിമ്പിലാങ്ങില്‍ മഹാദേവൻ . കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവചടങ്ങുകൾ പൂർത്തിയാക്കി തിടമ്പ് അഴിച്ചുമാറ്റുന്ന സമയത്താണ് ആന വിരണ്ടോടിയത്.
ALSO READ: Fire Accident : തൃശൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
ഉത്സവചടങ്ങുകൾ അവസാനിക്കാറായ സമയം ആനയുടെപിന്‍ഭാഗത്ത് തീവെട്ടിയോ മറ്റോ കൊണ്ടാണ് പ്രകോപിതനായത് എന്നുള്ള വിവരങ്ങൾ ഉണ്ടെങ്കിലും ആന വിരണ്ടോടാൻ തക്കതായ സാഹചര്യം എന്തെന്ന് ഉള്ളതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അടങ്ങുന്ന സംഘം ഇന്ന് നേരിട്ടെത്തി ആനയുടെ ആരോഗ്യ നില വിലയിരുത്തി. പ്രാഥമികമായി ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ള വിവരമാണ് ലഭിക്കുന്നത്. ആനയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
അനുമതി ഇല്ലാതെ ഉത്സവത്തിന് എഴുന്നള്ളിക്കുകയും ആന വിരണ്ടോടുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത കുറച്ചു ദിവസത്തേക്ക് എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറും. തുടർന്ന് 15 ദിവസത്തേക്ക് അല്ലെങ്കിൽ 30 ദിവസത്തേക്ക് ആകും വിലക്ക് ഉണ്ടാവുക . സംസ്ഥാനത്തെ ഒരു ജില്ലയിലേക്കും ആനയെ ഈ കാലയളവിൽ എഴുന്നള്ളിക്കാൻ പാടില്ല എന്നുള്ള നോട്ടീസ് ആവും നൽകുക.
ആന വിരണ്ടോടുന്ന സമയം തിടമ്പേറ്റ് ചടങ്ങിനെത്തിയ ആനപ്പുറത്തിരുന്ന പൂജാരി വിപിന്‍ തെറിച്ചു വീഴുകയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആന വിരണ്ടതിനെ തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ സമീപവാസി കാശിനാഥ് എന്ന യുവാവിനും പരിക്കേറ്റു. ഇയാളുടെ കൈക്ക് പൊട്ടൽ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...