ശബരിമല സന്നിധാനത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ തുടങ്ങി
നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തളര്‍ച്ച തുടങ്ങിയവ നേരിടുന്ന ഭക്തര്‍ക്ക് ഇവിടെ ചികിത്സ തേടാവുന്നതാണ്
അയ്യപ്പഭക്തര്‍ക്കായി സന്നിധാനത്ത് സഹാസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ തുടങ്ങി. പടികയറിയെത്തുന്ന ഭക്തര്‍ക്ക് പെട്ടെന്ന് ശരീര വൈഷമ്യമുണ്ടായാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് ഈ സെന്റര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി സഹാസ് ആണ് ഇവിടെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ നടത്തുന്നത്.
ഇന്നലെ രാവിലെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപംകൊളുത്തി സെന്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, സഹാസ് സെക്രട്ടറിയും ജനറല്‍ സര്‍ജനുമായ ഡോ. ഒ. വാസുദേവന്‍ തുടങ്ങിയവരും ഭദ്രദീപം കൊളുത്തി. ശേഷം ശബരിമല തന്ത്രിയുടെ ബിപി പരിശോധിച്ചുകൊണ്ട് ഇവിടെനിന്നുള്ള ചികിത്സയ്ക്കും തുടക്കം കുറിച്ചു.
പതിനെട്ടാം പടി കയറിയശേഷം നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തളര്‍ച്ച തുടങ്ങിയവ നേരിടുന്ന ഭക്തര്‍ക്ക് ഇവിടെ ചികിത്സ തേടാവുന്നതാണ്. ബി.പി, ഓക്‌സിജന്റെ അളവ്, ശ്വാസം മുട്ടല്‍ തുടങ്ങിയ അവശത അനുഭവിക്കുന്ന ഭക്തര്‍ക്ക് ഇവിടെ അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കുകയും ശേഷം ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. പരിശോധനയ്ക്കായി എഇഡി മെഷ്യന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഏറെയുള്ള സമയങ്ങളിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...