കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു
കുഴൽപ്പണക്കേസിന് വിദേശ ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഇഡി അറിയിച്ചു
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ (Hawala case) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊലീസിൽ നിന്ന് ഇഡി എഫ്ഐആർ വിവരങ്ങൾ ശേഖരിച്ചു. പൊലീസുമായി (Police investigation) ചേർന്ന് പ്രവർത്തിക്കുമെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കും. കേസിന്റെ അന്വേഷണ വിവരങ്ങളും ഇഡി പരിശോധിച്ചു. കുഴൽപ്പണക്കേസിന് വിദേശ ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഇഡി അറിയിച്ചു.
കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിട്ടും കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം ഇഡിയുടെ പരിധിയിൽ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടർന്നാൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു എൻഫോഴ്സ്മെന്റ്. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement directorate) അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്.
ഹർജിയിൽ 10 ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി (Election campaign) കൊണ്ടുവന്ന കള്ളപ്പണമാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് അന്വേഷണം അനിവാര്യമാണെന്നും അന്വേഷണത്തിന് ഇഡിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. നേരത്തെ എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ALSO READ: NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്
അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പണമാണെന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തുകയാണ്. വലിയ പുകമറ സൃഷ്ടിക്കുന്നു. ഈ സംഭവവുമായി ബിജെപിക്ക് പങ്കില്ലെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പണം ആയിരുന്നു ധർമരാജൻ കൊണ്ടുപോയതെങ്കിൽ എന്തിന് പരാതി നൽകണം. നിങ്ങൾ പൊലീസിനെ സമീപിക്കൂവെന്നാണ് പരാതിക്കാരോട് പറഞ്ഞത്. ബിജെപി നേതാക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകേണ്ട കാര്യം എന്തായിരുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
മാധ്യമങ്ങൾ വസ്തുതാരഹിതമായ വിവരങ്ങളാണ് നൽകുന്നത്. ധർമരാജനുമായി ടെലഫോണിൽ ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയാണ്. ഇതാണോ അന്വേഷണ രീതി. ഇതാണ് വലിയ വാർത്തതയായി നൽകുന്നത്. ചോദ്യം ചെയ്യലിന് ശേഷം എന്ത് ലഭിച്ചുവെന്ന് ആരും റിപ്പോർട്ട് ചെയ്യുന്നില്ല. ചോദ്യം ചെയ്യലിന്റെ വാർത്ത കൊടുക്കാൻ കാണിക്കുന്ന താൽപര്യം ചോദ്യം ചെയ്യലിന് ശേഷം കാണിക്കുന്നില്ല. കള്ളപ്പണക്കേസിനെ ബിജെപിയുമായി ബന്ധപ്പെടുത്തുന്ന എന്ത് തെളിവാണ് ലഭിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...