ഗുരുവായൂരിൽ മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
മരക്കൊമ്പുകള്‍ പൂർണ്ണമായും മുറിച്ചു മാറ്റുന്നതിന് മുമ്പ് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പുനസ്ഥാപിച്ചതാണ് അപകട കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്
തൃശൂർ : ഗുരുവായൂര്‍ കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. കോട്ടപ്പടി ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടുത്ത് കൊഴക്കിവീട്ടില്‍ നാരായണൻ (46) ആണ് മരിച്ചത്. ഇന്ന് മെയ് 17ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടപ്പടി സെന്ററില്‍ ഗുരുവായൂര്‍ അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ബ്രാഞ്ചിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.
നേരത്തെ മരം മുറിക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇതിലൂടെയുള്ള വൈദ്യുതി പ്രവാഹം നിര്‍ത്തിവെച്ചിരുന്നു. മരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങൾ മുഴുവന്‍ മുറിച്ചുമാറ്റിയശേഷമായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നാല്‍ താഴത്തെ ഭാഗത്തെ മരം മുറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മരക്കൊമ്പുകള്‍ പൂർണ്ണമായും മുറിച്ചു മാറ്റുന്നതിന് മുമ്പ് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പുനസ്ഥാപിച്ചതാണ് അപകട കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ALSO READ : Wild elephant attack: പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
ഷോക്കേറ്റ് തെറിച്ചുവീണ നാരായണനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും. അഭിതയാണ് ഭാര്യ അനുശ്രീ, അനന്ദശ്രീ എന്നിവരാണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...