Fever: സംസ്ഥാനത്ത് പനി പടരുന്നു; പനി ബാധിച്ച് 14 ദിവസത്തിനിടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് ഒന്നേകാൽ ലക്ഷത്തോളം പേർ
Fever Spreads in Kerala: സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വർധിക്കുകയാണ്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണവും വർധിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. 14 ദിവസത്തിനിടെ മാത്രം ഒന്നേകാൽ ലക്ഷത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വർധിക്കുകയാണ്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണവും വർധിക്കുകയാണ്.
പനി കേസുകൾ സംസ്ഥാനത്ത് പ്രതിദിനം 10,000 കടക്കുമ്പോഴാണ് വെല്ലുവിളിയായി ഡെങ്കിപ്പനിയും എലിപ്പനിയും വില്ലനാകുന്നത്. മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുകയാണ്. 14 ദിവസത്തിനിടെ ഒന്നേകാൽ ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 10,061 പേർ ചികിത്സയ്ക്കെത്തി. ഇതിൽ 212 പേർക്ക് കിടത്തി ചികിത്സ ആവശ്യമായി വന്നു.
സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും കണക്കുകൾ പരിശോധിച്ചാൽ ഇതിന്റെ ഇരട്ടിയിലധികം വരുമെന്നതാണ് മറ്റൊരു വസ്തുത. വിവിധയിടങ്ങളിൽ പനി ബാധിച്ച് ഇതിനോടകം തന്നെ 14 പേർ മരിച്ചു. അതിനിടെ, കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 63 പേരാണ്. എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് കൂടുതലും ജീവഹാനി വരുത്തുന്നത്. അപകടകാരിയായ എലിപ്പനി ഏറെക്കുറെ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയാണ്.
ഈ മാസം എലിപ്പനി ബാധിച്ചത് 40 പേർക്കാണ്. ഇതിൽ ഒരാൾ മരിച്ചു. എലിപ്പനി ബാധിച്ച് ഈ വർഷം ഇതുവരെ 25 പേരും മരിച്ചു. 2,285 പേർ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും ചെയ്തു. ഈ വർഷം ഇതുവരെ 425 പേർക്ക് എലിപ്പനി ബാധിച്ചു. പനി ബാധിക്കുന്നത് നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വയം ചികിത്സ പാടില്ലെന്നും ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എറണാകുളത്ത് ഡെങ്കിപ്പനി പടരുകയാണ്. കൊച്ചി കുമ്പളങ്ങിയിൽ വെസ്റ്റ് നെയിൽ പനി ബാധിച്ച് കഴിഞ്ഞ ദിവസം അറുപത്തിയഞ്ചുകാരൻ മരിച്ചിരുന്നു. കാലവർഷം കനക്കുമ്പോഴേക്കും, പകർച്ചവ്യാധികൾ പടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വൈറൽ പനിക്കും, എലിപ്പനിക്കും ഡെങ്കിപ്പനിക്കും, പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആളുകൾ സ്വയം ചികിത്സ നടത്തരുതെന്നും പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അവശ്യ മരുന്നുകള്‍ കെഎംഎസ്‍സിഎല്‍ മുഖേന സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പനിയും പകർച്ചവ്യാധികളും പകരുന്നതിനാൽ പരിസരം ശുചിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കമണെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കൊതുകു കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകു കടിയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് കൊതുകുതിരികള്‍, ശരീരത്തിൽ പുരട്ടുന്ന ലേപനങ്ങള്‍, ക്രീമുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...