File Movement in industries and commerce : ഫയലുകൾ കെട്ടിക്കിടക്കരുത്, തീരുമാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വ്യവസായവകുപ്പ്
നിലവിലുള്ള മുഴുവൻ ഫയലുകളും തിട്ടപ്പെടുത്തും. കോടതി കേസുകളിൽ കുടുങ്ങിയവ ഒഴികെയുള്ള ഫയലുകളിൽ രണ്ടാഴ്ചക്കുള്ളിൽ തീർപ്പുണ്ടാക്കും
Trivandrum:ഫയലുകൾ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. വകുപ്പിലെ ഫയൽ നീക്കവും അതിൻമേലുള്ള തീരുമാനവും സമയബന്ധിതമായി പൂർത്തിയാക്കും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്.
നിലവിലുള്ള മുഴുവൻ ഫയലുകളും തിട്ടപ്പെടുത്തും. കോടതി കേസുകളിൽ കുടുങ്ങിയവ ഒഴികെയുള്ള ഫയലുകളിൽ രണ്ടാഴ്ചക്കുള്ളിൽ തീർപ്പുണ്ടാക്കും. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കാലതാമസവും പരിഹരിക്കും. ഫയൽ നീക്കത്തിന്റെ പുരോഗതി യഥാസമയം വിലയിരുത്തും. നയപരമായ തീരുമാനം എടുക്കേണ്ടതില്ലാത്ത ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. വകുപ്പ് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി നിർവ്വഹണവും സമയബന്ധിതമായി പൂർത്തിയാക്കും. വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനും തുകവിനിയോഗം ഉറപ്പു വരുത്തുന്നതിനും കലണ്ടർ തയ്യാറാക്കും. നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും ചോദ്യങ്ങൾക്കുള്ള മറുപടികളും യഥാസമയം നൽകുന്നതിനും മന്ത്രി നിർദ്ദേശം നൽകി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...