പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്
സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു(ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.
പുരസ്‌കാര ജേതാക്കൾ
കേരള ജ്യോതി
എം.ടി. വാസുദേവൻ നായർ (സാഹിത്യം)
കേരള പ്രഭ
ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)
കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...