കേരളത്തിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ജൂൺ നാലിന് സർവീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃക ചരിത്ര സ്ഥലങ്ങൾ കാണുന്നതിനായാണ് സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിൻസി വേൾഡ് ട്രാവൽ പ്രൈവറ്റ് ലിമിറ്റഡ് ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ ട്രെയിൻ സർവീസിന്റെ ആദ്യ യാത്ര ജൂൺ നാലിന് തിരുവനന്തപുരത്ത് നിന്ന് മഡ്​ഗാവിലേക്കാണ്. നാല് ദിവസത്തെ ടൂർ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍നിന്ന് ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നത്.


ALSO READ: ഏപ്രിലിലെ കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ഒരു യാത്രയാണോ പ്ലാൻ? ഇതാ ഇന്ത്യയിലെ മികച്ച അഞ്ച് സ്ഥലങ്ങൾ


750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനാണ് സർവീസ് നടത്തുന്നത്. രണ്ട് സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേഡ് എസി, രണ്ട് സെക്കന്‍ഡ് എസി എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരുടെ സേവനവും ഉണ്ടാകും. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറ​ഗോഡ് എന്നീ ജില്ലകളിൽ നിന്നും യാത്ര ആരംഭിക്കാം.


അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും നൽകുന്നുണ്ട്. യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിർത്തുമെങ്കിലും പുറത്ത് നിന്നുള്ള ആളുകൾക്ക് പ്രവേശനം ഉണ്ടാകില്ല. ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി താമസസൗകര്യം. വിനോദസഞ്ചാരികള്‍ക്ക് മഡ്ഗാവില്‍ നഗരയാത്ര ആസ്വദിക്കാം.


ALSO READ: 2023ൽ യാത്രകൾ ഒന്നുമില്ലേ? ഈ സ്ഥലങ്ങൾ നിങ്ങൾ കണ്ടിരിക്കണം; ലിസ്റ്റിൽ ഇടം നേടി കേരളവും


കസീനോകള്‍, ബോട്ട് ക്രൂസ് പാര്‍ട്ടികള്‍, ഡിജെ പാര്‍ട്ടികള്‍, ഗോവന്‍ തെരുവുകളിലൂടെയുള്ള യാത്ര, ഭക്ഷണം എന്നിവ യാത്രികരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും. നാല് ദിവസത്തെ ഗോവന്‍ യാത്രയ്ക്ക് താമസം ഉള്‍പ്പെടെ 2 ടയര്‍ എസിയില്‍ 16,400 രൂപയാണ് ടിക്കറ്റ് നിരക്ക്. 3 ടയര്‍ എസിയില്‍ 15,150 രൂപയും നോണ്‍ എസി സ്ലീപ്പറില്‍ 13,999 രൂപയുമാണ് ഓരോരുത്തർക്കും ഈടാക്കുന്നത്.


എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജ് 37,150 രൂപ 33,850 രൂപ 30,550 രൂപ എന്നിങ്ങനെയാണ്. അയോധ്യ, വാരാണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും യാത്രയില്‍ ലഭിക്കുന്നത്. മുംബൈ യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എസിക്ക് 18,825 രൂപയും തേര്‍ഡ് ടയർ എസിക്ക് 16,920 രൂപയും സ്ലീപ്പറിന് 15,050 രൂപയുമാണ് നിരക്ക്.


ALSO READ: ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്


ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതം നടത്തും. പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനം മുഴുവൻ സമയവും ഉണ്ടാകും. യാത്രികര്‍ക്ക് സൗജന്യ യാത്രാ ഇന്‍ഷുറന്‍സും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും ഉണ്ടായിരിക്കും. ട്രെയിനില്‍ ജിപിഎസ് ട്രാക്കിങ് സിസ്റ്റം, ലൈവ് സിസിടിവി, വൃത്തിയും സൗകര്യവുമുള്ള  ടോയ്‌ലറ്റുകള്‍, ലാ കാര്‍ട്ടെ ഡൈനിങ്, ടൈലേഡ് ബെഡ്ഡിങ്, ഓണ്‍ബോര്‍ഡ് ഫുഡ് ട്രോളി എന്നിവയും ഉണ്ടാകും. മേയ് അവസാനം, തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് നാല് ദിവസത്തെ യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ അയോധ്യ, വാരാണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്കുള്ള എട്ട് ദിവസത്തെ യാത്ര ജൂണിൽ ആരംഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.