കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യതയിൽ വൻ ഇടിവുണ്ടായതായി പഠന റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 39 ശതമാനത്തിന്‍റെ  കുറവാണ് മത്തിയുടെ ഉല്‍പാദനത്തില്‍ കേരളത്തില്‍ ഉണ്ടായത്. ഇന്ത്യയിലാകെ 54 ശതമാനം മത്തി ഉല്‍പാദന൦ കുറഞ്ഞു. 


കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  


2017ല്‍  കിട്ടിയതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറവാണ് മത്സ്യത്തിന്‍റെ ലഭ്യതയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 77,093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്.  


സംസ്ഥാനത്ത് അയല മീനിന്‍റെ ലഭ്യത 2017ലേക്കാൾ 142 ശതമാനം വർദ്ധിച്ചെന്ന് കണക്ക് പറയുന്നു. ദേശീയ തലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. കൊഴുവ, കിളിമീൻ, ചെമ്മീൻ, കൂന്തൽ-കണവ എന്നിവയുടെ ലഭ്യതയും കേരളത്തിൽ വർദ്ധിച്ചു. 


അതേസമയം, സംസ്ഥാനത്ത് മറ്റ് മീനുകളുടെ ലഭ്യത ഉയർന്നതിനാൽ ആകെ മത്സ്യ ലഭ്യത 10 ശതമാനം വർധിച്ചു. 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് 2018 ൽ പിടിച്ചത്. 2017ൽ ഇത് 5.85 ലക്ഷം ടൺ ആയിരുന്നു.


ഇന്ത്യയിൽ ആകെ മത്സ്യോൽപ്പാദനം 34.9 ലക്ഷം ടൺ ആണെന്ന് 2018 ലെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണിത്.


ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യമായ മത്തി, ദേശീയ തലത്തിൽ ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. ഇതോടൊപ്പം പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതും ഒരു കാരണമാണ്. 


എന്നാൽ പതിവിന് വിപരീതമായി ക്ലാത്തി മത്സ്യം കൂടിയിട്ടുണ്ടെന്നും സിഎംഎഫ്ആർഐ പറയുന്നു. കേരളം ഇക്കുറിയും മത്സ്യോൽപ്പാദനത്തിൽ രാജ്യത്ത് മൂന്നാമതാണ്.  ഗുജറാത്ത് ഒന്നാം സ്ഥാനത്തും തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ്.