ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലായ് 31വരെ നീണ്ടു നില്‍ക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലായ് 31വരെ നീണ്ടു നില്‍ക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കുന്നത്.
കൊല്ലം നീണ്ടകര പാലത്തിന്‍റെ തൂണുകള്‍ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് ചങ്ങല കെട്ടുന്നതോടെ നിരോധനം ഒദ്യോഗികമായി പ്രാബല്യത്തില്‍ വരും. കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കേരളത്തിന്‍റെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം.
അതേസമയം, ട്രോളിംഗ് നിരോധനം പരമ്പരാഗത വള്ളങ്ങള്‍ക്ക് ബാധകമല്ല. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200ഓളം ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാകുന്നത്. നിലവില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയ വലിയബോട്ടുകള്‍ രാത്രിയോടെ തിരിച്ചെത്തും. ഇവ തിരിച്ചെത്തുന്നതോടെ ഇനി 52 നാളുകള്‍ കടലില്‍ വലിയ ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് എത്തുകയില്ല.
നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. 3 മാസം 4500 രൂപ വീതം നല്‍കുന്ന ധനസഹായ പദ്ധതിയും ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.