കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് (CFSL) തയാറാക്കിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് വിചാരണക്കോടതിക്കു കൈമാറിയത്.


ഇതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് പ്രത്യേക കോടതി ഇന്ന്‍ റിപ്പോര്‍ട്ട് പരിഗണിക്കും. അതുകൊണ്ടുതന്നെ  റിപ്പോര്‍ട്ട് തയാറാക്കിയ സയിന്റിസ്റ്റുകളോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂവെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 


ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്ഥിതിക്കു ഒന്നാം സാക്ഷിയായ നടിയുടെ ക്രോസ് വിസ്താരം ഈയാഴ്ച തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.  ജനുവരി 30 ന് നടിയുടെ വിസ്താരം ആരംഭിച്ചിരുന്നു.


റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.


ഫോറന്‍സിക് വിദഗ്ധന്‍റെ സന്നിധ്യത്തില്‍  എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്‍റെ അഭിഭാഷകര്‍ തയാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്.


ആക്രമണ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ടു പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.


സിഎഫ്എസ്എല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന് സാക്ഷികളെ വിസ്തരിക്കാം. പീഡനദൃശ്യമടങ്ങിയ വീഡിയോ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പ്രതികളും അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും ചേര്‍ന്ന്‍ ഇന്ന്‍ പരിശോധിക്കും.


മൊത്തം പത്തു പ്രതികളാണ് കേസില്‍ ഉള്ളത്. അതില്‍ നേരിട്ട് കുറ്റകൃത്യം ചെയ്തത് ആറുപേരാണെന്ന്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കേസിലെ എട്ടാം പ്രതിയായ ദിലീപുമായി ഗൂഡാലോചന നടത്തിയാണ് പ്രതികള്‍ കൃത്യനിര്‍വഹണം നടത്തിയതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.


മറ്റു പ്രതികള്‍ക്കെതിരെ തെളിവുകള്‍ നശിപ്പിച്ചതിനാണ് കേസേടുത്തിരിക്കുന്നത്.  വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവച്ചിരുന്നു.


എന്തായാലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം ദിലീപിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.