Thiruvananthapuram: നിപാ വൈറസ് എന്ന മഹാവ്യാധിയോട് പോരാടി ജീവന്‍ വെടിഞ്ഞ ലിനി എന്ന മാലാഖയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് മൂന്ന് വര്‍ഷം തികയുകയാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

പേരാമ്പ്ര  താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേയാണ് നിപാ വൈറസ്  (Nipah Virus) ബാധിച്ച്‌ നഴ്സ് ലിനി മരണമടഞ്ഞത്. സംസ്ഥാനത്തെ ഭീതി പടര്‍ത്തി നിപാ വൈറസ് വ്യാപിച്ചപ്പോള്‍  സ്വന്തം ജീവന്‍ ത്യജിച്ച്‌ രോഗി പരിചരണത്തിന്‍റെ  മഹത്തായ സേവന സന്ദേശം നല്‍കുകയായിരുന്നു ലിനി.


ലിനിയുടെ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം തികയുമ്പോള്‍ അവരെ അനുസ്മരിയ്ക്കുകയാണ് മുന്‍  ആരോഗ്യമന്ത്രി കെ. കെ. ശൈലജ (K K Shailaja). ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നുമാണ് ശൈലജ ടീച്ചര്‍  ഫെസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 


കെ.കെ.ശൈലജയുടെ ഫെസ്ബുക്ക് പോസ്റ്റ്


"ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട്  ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.


ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം. നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.