Kannur ADM Suicide: എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യയുടെ ആരോപണം ശരിവച്ച് സംരംഭകന്റെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കി
Kannur ADM Suicide: മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം കൈക്കൂലി വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയും പുറത്ത് വന്നിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ആര്‍ഡിഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവും ആയ പിപി ദിവ്യ, എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതാണ് ആത്മഹത്യക്ക് പിന്നില്‍ എന്നാണ് വാര്‍ത്തകള്‍. എഡിഎം കൈക്കൂലി കൈപ്പറ്റി എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പ് അനുമതിയ്ക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംരംഭകനായ ടിവി പ്രശാന്തന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 98,500 രൂപ കൈക്കൂലി നല്‍കി എന്നാണ് ഒരു വാര്‍ത്താ ചാനലിനോട് പ്രശാന്തന്‍ പറഞ്ഞത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. ഒക്ടോബര്‍ 10 ന് ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ ആറിന് ആണ് നവീന്‍ ബാബു തന്നെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് എന്ന് പ്രശാശന്റെ പരാതിയില്‍ പറയുന്നു. ഈ പണം നല്‍കിയില്ലെങ്കില്‍ പെട്രോള്‍ പമ്പിന് ഒരുതരത്തിലും അനുമതി നല്‍കില്ലെന്നും തന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ബിസിനസ്സുകളില്‍ തടസ്സം സൃഷ്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
നവീന്‍ ബാബുവിന്റെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് 98,500 രൂപ നല്‍കിയത്. ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് അനുമതി ലഭിക്കുകയും ചെയ്തുവെന്നും പ്രശാന്തന്‍ പരാതിയില്‍ പറയുന്നുണ്ട്. നെടുവാലൂര്‍ ശ്രീകണ്ഠാപുരത്താണ് പ്രശാന്തന് ബിപിസിഎലിന്റെ പെട്രോള്‍ പമ്പ് അനുവദിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലംമാറി പോകുന്ന എഡിഎമ്മിന് കഴിഞ്ഞ ദിവസം ആയിരുന്നു ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യാത്രയയപ്പ് ഒരുക്കിയത്. ഈ യോഗത്തിലേക്കാണ് ഔദ്യോഗിക ക്ഷണമില്ലാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കടന്നുവരികയും എഡിഎമ്മിനെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയും ചെയ്തത്. പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട് പലതവണ എഡിഎമ്മിനെ വിളിക്കേണ്ടി വന്നു എന്നും ഒടുവില്‍ അദ്ദേഹം പോകുന്നതിന് മുമ്പായി അനുമതി നല്‍കിയെന്നും പിപി ദിവ്യ പറഞ്ഞു. ഈ അനുമതി എങ്ങനെ ലഭിച്ചു എന്ന് തനിക്കറിയാമെന്നും അതിന്റെ വിവരങ്ങള്‍ രണ്ട് ദിവസം കൊണ്ട് പുറത്ത് വിടുമെന്നും പിപി ദിവ്യ പറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം ആണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് തിരിക്കുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന വീട്ടുകാര്‍ നവീന്‍ ബാബുവിനെ കാണാത്തതിനെ തുടര്‍ന്ന് കണ്ണൂരില്‍ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ജില്ലാ കളക്ടറുടെ ഗണ്‍മാന്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.