ബി.സന്ധ്യക്കെതിരെ ആരോപണവുമായി സ്വാമി ഗംഗേശാനന്ദ
സർക്കാർ ഭൂമി ഏറ്റെടുക്കുന്നില്ലെന്നും ആരോപണം
തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവി ബി.സന്ധ്യക്കെതിരെ ആരോപണവുമായി സ്വാമി ഗംഗേശാനന്ദ രംഗത്ത്. കണ്ണമൂലയിൽ ബി.സന്ധ്യയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചട്ടമ്പിസ്വാമിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാനായി സമരപരിപാടികളുമായി മുന്നോട്ട് പോകും. ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്താണ് ബി.സന്ധ്യ വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. സ്വാധീനമുപയോഗിച്ച് ഡിജിപി കാര്യങ്ങൾ നിർവഹിക്കുന്നതിനാൽ സർക്കാർ ഭൂമി ഏറ്റെടുക്കുന്നില്ല. ഇതിൽ കടുത്ത അമർഷം രേഖപ്പെടുത്തുകയാണെന്നും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്വാമി ഗംഗേശാനന്ദ വ്യക്തമാക്കി.
തൻ്റെ ജനനേന്ദ്രിയം മുറിച്ച കേസിൻ്റെ ഗൂഡാലോചനയിൽ ബി.സന്ധ്യക്ക് പങ്കില്ലെന്നും ഗംഗേശാനന്ദ കൂട്ടിച്ചേർത്തു. കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.