കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ്ണ മിശ്രിതമാണ് ഇപ്രാവശ്യം നെടുമ്പാശ്ശേരിയില്‍ നിന്നും എയര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. 


അടിവസ്ത്രത്തിലും ജീന്‍സിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പാലക്കാട്‌ തേന്‍കുറിശ്ശി സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. 


എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. 


കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്ന് 51 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം മലപ്പുറം സ്വദേശിയില്‍ നിന്നും പിടികൂടിയിരുന്നു. അതിനു മുമ്പ് മൂന്നു യാത്രക്കാരില്‍ നിന്നായി ഏഴര കിലോ സ്വര്‍ണം പിടികൂടിയിരുന്നു.


ഇപ്പോള്‍ കുറച്ചുനാളുകളായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണ വേട്ട തുടരുകയാണ്. നേരത്തെ ഇടയ്ക്കിടെ മാത്രമേ സ്വര്‍ണ്ണക്കടത്ത് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ചു ദിവസമായി ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. 


മാത്രമല്ല ഒരു മാസത്തിനുള്ളില്‍ ഇവിടെ നിന്നും പിടികൂടിയത് 28 കിലോ സ്വര്‍ണ്ണമാണെന്നും അധികൃതര്‍ പറഞ്ഞു.