Gold smuggling case: അർജുൻ ആയങ്കിയ്ക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് സിപിഎം
സിപിഎം മെയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സംഭവത്തിൽ സജേഷിന് ജാഗ്രതക്കുറവ് സംഭവിച്ചതായി പാർട്ടി നിരീക്ഷിച്ചു
കണ്ണൂർ: അർജുൻ ആയങ്കിയ്ക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെതിരെ സിപിഎം (CPM) നടപടി. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സിപിഎം മെയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സംഭവത്തിൽ സജേഷിന് ജാഗ്രതക്കുറവ് സംഭവിച്ചതായി പാർട്ടി നിരീക്ഷിച്ചു. നേരത്തെ ഡിവൈഎഫ്ഐയും (DYFI) സജേഷിനെ പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്നു സജേഷ്.
മൂന്ന് വർഷം മുമ്പ് ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തിൽ നിന്ന് അർജുൻ ആയങ്കിയെ (Arjun Ayanki) പുറത്താക്കിയിരുന്നു. ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനമെന്നാണ് സൂചന. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും അർജുന് അടുത്ത ബന്ധമുണ്ട്.
ALSO READ: Karipur Gold Smuggling Case Arrest: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
അതേസമയം, തെറ്റായ ഒരു പ്രവർത്തന ശൈലിയും പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ (A Vijayaraghavan) വ്യക്തമാക്കിയിരുന്നു. രാമനാട്ടുകര സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ പ്രതികരണം.
പൊതു പ്രവർത്തനത്തിൽ സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന രീതിയെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല. അഞ്ച് ലക്ഷത്തിലധികം പാർട്ടി അംഗങ്ങളുണ്ട്. ഏതാണ്ട് ഒരു കോടിയോളം വരുന്ന വ്യത്യസ്ഥങ്ങളായ ബഹുജന സംഘങ്ങൾ അണിനിരന്ന വർഗ ബഹുജന സംഘടനകളും കേരളത്തിൽ പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്നതായിട്ട് ഉണ്ട്. ഇതിൽ ആരെങ്കിലും തെറ്റായ രീതിയിൽ പ്രവർത്തിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരിക്കലും സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.
ALSO READ: Ramanattukara Gold Smuggling Case : രാമനാട്ടുകര സ്വര്‍ണ്ണ കവര്‍ച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട് ഒരു ആക്ഷേപം ഉന്നയിക്കപ്പെട്ടപ്പോൾ തന്നെ അവർ ശക്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. പരസ്യമായിത്തന്നെ അതിനെ തള്ളിപ്പറയുക എന്ന നിലപാട് ഡിവൈഎഫ്ഐ നേതൃത്വം സ്വീകരിച്ചു. ഇത്തരം പിശക് പറ്റിയവരെ ആ സംഘടനയിൽ നിന്ന് മാറ്റി നിർത്താനും അവർ ശ്രദ്ധിക്കുകയുണ്ടായി. യാതൊരു സംശയവും അക്കാര്യത്തിൽ ഉണ്ടാകേണ്ടതില്ല. ഒരു തരം പിശകിനെയും സംരക്ഷിക്കുന്ന സമീപനം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകുന്നതല്ല. ഞങ്ങളുടെ ഇതുവരെയുള്ള പ്രവർത്തന രീതി വ്യക്തിപരമായി സംഭവിക്കുന്ന പിശകുകളെ സംരക്ഷിക്കുന്ന നിലപാടല്ല, മറിച്ച് അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ച് പോന്നിട്ടുള്ളത്. അത് തന്നെയാണ് ഈ സംഭവങ്ങളിലും ഉണ്ടായിട്ടുള്ളതെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA