കൊച്ചി : UAE കോണ്‍സുലേറ്റ് വഴ നടന്ന   സ്വര്‍ണക്കടത്ത് കേസില്‍  (Gold smuggling case) യുഎപിഎ  (UAPA)എങ്ങനെ നിലനില്‍ക്കുമെന്ന് കൊച്ചി എന്‍.ഐ.എ  (NIA) കോടതി. സ്വര്‍ണക്കടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും കോടതി 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഈ ചോദ്യ൦ ഉണയിച്ചത്. എന്നാല്‍,  രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്ത് ഭീകരവാദത്തിന്‍റെ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 20 തവണയായി 200 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയതെന്നും അന്വേഷണം സംഘം കോടതിയില്‍ പറഞ്ഞു. 


സ്വര്‍ണക്കടത്ത് കേസ് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്.  കേസില്‍ എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്.


അതേസമയം കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിക്കുന്നത്. ഇതിലെ തീവ്രവാദ ബന്ധം ഇതുവരെ വെളിച്ചത്തുവന്നിട്ടില്ല എന്നും  അഭിഭാഷകന്‍  കോടതിയില്‍ പറഞ്ഞു. ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമാണെന്നും സ്വപ്‌ന സുരേഷിന്‍റെ  അഭിഭാഷകന്‍ വാദിച്ചു. 


Also read: എം. ശിവശങ്കറിന്റെ കുരുക്ക് മുറുകുമോ? കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും


അതേസമയം, സ്വപ്‌നയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി മറ്റന്നാൾ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.  കേസ് ഡയറിയടക്കം പരിശോധിച്ചതിന് ശേഷമാകും ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.


ഒരുപ്രതിയുടെ റിമാന്‍ഡ് കാലാവധി നീട്ടുമ്പോഴും കസ്റ്റഡി നീട്ടുമ്പോഴും കേസ് ഡയറി പരിശോധിച്ചിരിക്കണം എന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മുന്‍ ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു കാരണത്താലാണ് കോടതി കേസ് ഡയറി പരിശോധിക്കുന്നത്


അതേസമയം, പ്രതി റമീസിനെ മൂന്ന് ദിവസം കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്.  


കേസിലെ പ്രതികളുടെ ഹവാല ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌റേറ്റ് പരിശോധന ആരംഭിച്ചു. പ്രൈസ് വാട്ടർ ഹൗസ് കുപ്പേഴ്സുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും എൻഫോഴ്‌സ്‌മെൻറ് പരിശോധിക്കുന്നുണ്ട്. കോടികളുടെ ഹവാല പണം കേരളത്തിൽ എത്തിയതായാണ്  എൻഫോഴ്‌സ്‌മെൻറ് കണ്ടെത്തൽ. 


എം ശിവശങ്കറിന്‍റെ  നേതൃത്വത്തിൽ നടത്തിയ കൺസൾട്ടൻസികളെ കുറിച്ച് അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. കേസിലെ പ്രധാന പ്രതികളെ നാളെ എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ എടുക്കും.അന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെൻറിന്‍റെ  തീരുമാനം.


അതേസമയം കേസിൽ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖിനെയും പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കെ.ടി റമീസിന്റെ അഭാവത്തില്‍ ഇവരാണ് തിരുവനന്തപുരത്തെത്തി സ്വര്‍ണം ശേഖരിച്ച് നിക്ഷേപകരിലേക്ക് എത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്‌.