തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും;കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍,
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണ്ണായകമാണ്,എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് 
എത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചോദ്യം ചെയ്യലില്‍ ഒന്നുകില്‍ സംശയ നിവാരണം വരുത്തി ശിവശങ്കര്‍ പുറത്തിറങ്ങും അല്ലെങ്കില്‍ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യും.


അതുകൊണ്ട് തന്നെ സര്‍ക്കാരിനെ സംബന്ധിച്ച് ഈ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകമാണ്.സ്വര്‍ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമായും 
തനിക്ക് സൗഹൃദം ഉണ്ടായിരുന്നു എന്ന കാര്യം ശിവശങ്കര്‍ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ തന്നെ സമ്മതിച്ചിരുന്നു.


എന്നാല്‍ കള്ളക്കടത്തില്‍ പങ്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്,അതുകൊണ്ട് തന്നെ എന്‍ഐഎ ഇതുമായി ബന്ധപെട്ട് അന്വേഷണം നടത്തുകയാണ്.
തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലില്‍ തങ്ങള്‍ സമാഹരിച്ച വിവരങ്ങളും ശിവശങ്കര്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളും  തമ്മില്‍ വൈരുദ്ധ്യം ഉണ്ടോ എന്ന് 
എന്‍ഐഎ പരിശോധിക്കും.


സ്വപ്നയും ശിവശങ്കറിനു കള്ളക്കടത്തില്‍ പങ്കില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്,എന്നാല്‍ സെക്രട്ടേറിയറ്റില്‍ എത്തി പ്രതികള്‍ ശിവശങ്കറിനെ കണ്ടോ എന്നതടക്കമുള്ള 
കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.


Also Read:സ്വര്‍ണക്കടത്ത്;അറ്റാഷെയ്ക്ക് പങ്കെന്ന സ്വപ്നയുടെ മൊഴി വിശ്വസിക്കാതെ എന്‍ഐഎ


അതേസമയം സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം മാറ്റിവെച്ചു.
നേരത്തെ ശിവശങ്കര്‍ ചെയ്ത തെറ്റ് സര്‍ക്കാരിന്റെത് ആകില്ലെന്ന രാഷ്ട്രീയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
ഇടത് മുന്നണി യോഗം മാറ്റി വെച്ചത് കോവിഡ് കാരണം ആണെന്നാണ്‌ ഔദ്യോഗിക വിശദീകരണം,എന്നാല്‍ സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ യോഗത്തില്‍ 
സ്വര്‍ണക്കടത്ത് ഉന്നയിക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള നീക്കമാണ് യോഗം മാറ്റിയതെന്ന് കരുതുന്നവരുമുണ്ട്,അതേസമയം തിങ്കളാഴ്ച ശിവശങ്കറെ എന്‍ഐഎ 
വീണ്ടും ചോദ്യം ചെയുന്നത് കണക്കിലെടുത്താണ് ഇടത് മുന്നണി യോഗം മാറ്റിയതെന്നുള്ള അഭിപ്രായവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.