കാസര്‍ഗോഡ്‌: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു അതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 


കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല അന്വേഷണ സംഘം കൃത്യമായി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ക്രിമിനല്‍ കേസില്‍ പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചായിരുന്നു അന്വേഷണമെന്നും.


അന്വേഷണം എങ്ങനെ നടത്തണം എന്നത് സംഘത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും അതില്‍ ഇടപെടുന്നതില്‍ കോടതികള്‍ക്ക് പോലും പരിധിയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  


സെപ്റ്റംബര്‍ 30 നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ കോടതി ഉത്തരവിട്ടത്. കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ ഗൂഡാലോചന ഉണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രണ്ടുപേരുടെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.


കാസര്‍ഗോഡ് പെരിയയിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ഫെബ്രുവരി 17 ന് ആണ് മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.


കൃപേഷിന് തലയ്ക്കും ശരത് ലാലിന് ശരീരമാസകലവും വെട്ടേറ്റിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ഇരുവരും മരിച്ചിരുന്നു.