തിരുവനന്തപുരം:സിൽവർലൈൻ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കൈപുസ്തകവുമായി സർക്കാർ ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്. സിൽവർലൈൻ അറിയേണ്ടതെല്ലാം എന്ന പേരിലാണ് കൈപുസ്തകം പുറത്തിറക്കുന്നത്. അഞ്ച് ലക്ഷം പുസ്തകങ്ങളാണ് സിൽവർലൈൻ പ്രചരണത്തിന്റെ  ഭാഗമായി പുറത്തിറക്കുക. ഇതിനായി 7.5 ലക്ഷം രൂപ അനുവദിച്ച്കൊണ്ടുള്ള  ഉത്തരവും സർക്കാർ പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സിൽവർലൈൻ കേരളത്തിന്റെ മുഖഛായ മാറ്റും എന്നാണ് പ്രധാനമായും കൈപുസ്തകത്തിലൂടെ സർക്കാർ ജനങ്ങളോട് പറയാൻ ശ്രമിക്കുക. സിൽവർ ലൈൻ പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന പ്രയോജനങ്ങളും വിശദമായി തന്നെ വിവരിക്കും.


സിൽവർലൈൻ പ്രചരത്തിന്‍റെ ഭാഗമായി 50 ലക്ഷം കൈപുസ്തകങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. നാലരകോടി കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം തൃക്കാക്കരയിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.  ഈ സാഹചര്യത്തിൽ കൂടിയാണ് കൈപ്പുസ്തകം പുറത്തിറക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടൽ നിർത്തിവച്ചിരിക്കുകയാണ്.


കല്ലിടലിന്‍റെ ഭാഗമായി സംഘർഷങ്ങൾ ഉണ്ടായാൽ അത് തൃക്കാക്കരയിൽ പ്രതികൂലമായി ബാധിക്കുമെന്ന് സിപിഎം ഭയപ്പെടുന്നു. എന്നാൽ അക്കാര്യം പരസ്യമായി സമ്മതിക്കാൻ സിപിഎം നേതാക്കൾ തയ്യാറല്ല. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായുള്ള നടപടികൾ തുടരുന്നുണ്ടെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദം.


സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വെയ്ക്കെതിരെ തുടക്കം മുതൽ തന്നെ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. വിവിധയിടങ്ങളിൽ സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിയുകയും  ചെയ്തിരുന്നു. സിൽവർ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചരണപരിപാടികളാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്. വീടുകൾ കയറിയുളള പ്രചരണവും സംവാദവുമെല്ലാം സംഘടിപ്പിച്ചിട്ടും സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാൻ ഇതുവരെയും സർക്കാരിന് കഴിഞ്ഞിട്ടില്ല. എവിടെ കല്ലിട്ടാലും പിഴുതെറിയുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.